കോട്ടയം : കോടിമത എം.ജി റോഡിന്റെ വശങ്ങളിൽ കണ്ടെയ്‌നർ ലോറികളുടെ അനധികൃത പാർക്കിംഗ് പതിവാകുന്നു. എം.സി റോഡിനെ കെ.കെ. റോഡുമായി ബന്ധിപ്പിക്കുന്ന എളുപ്പവഴിയായതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കോടിമത മത്സ്യ - പച്ചക്കറി മാർക്കറ്റ്, കളക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതുവഴി പോകാം. ലോറി കാരണം മറുവശം കാണാത്തതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം കുന്നുകൂടിയതോടെ തെരുവുനായ ശല്യവും രൂക്ഷമാണ്. വാഹനങ്ങളുടെ പിന്നാലെ നായ്ക്കൾ കൂട്ടത്തോടെ ഓടിയെത്തുന്നത് അപകടങ്ങൾക്കിടയാക്കും. വഴി വിളക്കുകൾ ഇല്ലാത്തതും അപകടസാദ്ധ്യത കൂട്ടുകയാണ്. മാർക്കറ്റിലെ വ്യാപാരികളും യാത്രക്കാരും പ്രശ്നം നഗരസഭാധികൃതരെ അറിയിച്ചിട്ടും ലോറികളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടിയായില്ല. ലോറികൾ പാർക്ക് ചെയ്യുന്നതിന് നഗരസഭ പണം ഈടാക്കുന്നുണ്ട്. കണ്ടെയ്‌നർ ലോറികൾക്ക് പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് ലോറികളും പാർക്ക് ചെയ്യുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും കേടായതാണ്.