ഏറ്റുമാനൂർ: ആധുനികരീതിയിൽ നവീകരിച്ച ഏറ്റുമാനൂർ -മണർകാട് ബൈപാസ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ചെറുവാണ്ടൂർ വായനശാല ജംഗ്ഷനിലാണ് അപകടങ്ങളേറെയും. കഴിഞ്ഞ ദിവസം കാറും രണ്ട് ടോറസ് ലോറികളും തമ്മിൽ കൂട്ടിയിടിച്ചു. കാർ യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ഏറ്റുമാനൂർ നഗരസഭാ അതിർത്തിയിൽ പൂവത്തുംമൂടിനും പാറകണ്ടത്തിനും ഇടയിൽ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. ഇവരിൽ മൂന്ന് പേർ മരിച്ചത് ചെറുവാണ്ടൂർ കവലയിലും സമീപത്തുമായാണ്. 2019 ഒക്ടോബർ 20നാണ് പെട്ടി ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ തിരുവഞ്ചൂർ സ്വദേശി കെ.എസ്. അനന്തു (18) മരിച്ചത്. ഇവിടെനിന്നും ഏതാനും മീറ്ററുകൾ മാത്രം മാറിയാണ് ഒരു വർഷം മുമ്പ് ചെറുവാണ്ടൂർ വള്ളോംകുന്നേൽ ജോയിയുടെ ഭാര്യ സാലി (46)യുടെ ജീവനെടുത്ത അപകടവും നടന്നത്. ഏതാനും മാസം മുമ്പ് മംഗളം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ആദിലിന്റെ മരണത്തിനിടയാക്കിയ ബൈക്ക് അപകടവും നടന്നതും ഇവിടെയാണ്.