പാലാ: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ലാബിനൊപ്പം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വൈറോളജി ആൻഡ് മോളികുലാർ ബയോളജി വിഭാഗം കൂടി പാലായിൽ എത്തിക്കുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിനു കീഴിൽ പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക രോഗനിർണ്ണയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു.

പാലായിലെ പ്രാദേശിക കേന്ദ്രത്തിൽ കൂടുതൽ വിഭാഗങ്ങൾ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രദാസ് നാരായണ യോഗത്തിൽ അറിയിച്ചു. അവയവമാറ്റ ശാസ്ത്രക്രിയയ്ക്ക് മുൻപ് നടത്തേണ്ട എല്ലാ പരിശോധനകൾക്കും ഇവിടെ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് എത്തിച്ചേർന്ന ആർ.ജി.സി.ബി അധികൃതർക്കും ജോസ്.കെ.മാണിക്കും സ്വീകരണം നൽകി. ബിജു പാലൂപടവൻ, നീന ചെറുവള്ളി, ജോസ് ചീരാംകുഴി ,ലീന സണ്ണി എന്നിവർ നേതൃത്വം നൽകി. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഡോ.അർ.അശോക്, സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ഡോ. ഷമ്മി രാജൻ, ഡോ. പി. എസ് .ശബരീനാഥ്, ഡോ.ടി.എസ്.വിഷ്ണു ., ഫിലിപ്പ് കുഴികുളം, പി.എം.ജോസഫ്, പ്രശാന്ത് മോനിപ്പള്ളി, പ്രൊഫ.സതീശ് ചൊള്ളാനി, ജയ്‌സൺ മാന്തോട്ടം, പി.കെ.ഷാജകുമാർ, ഡോ.അനീഷ് കെ. ഭദ്രൻ എന്നിവർ പ്രസംഗിച്ചു.