വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ബദരിനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ റാവൽജി ഈശ്വര പ്രസാദ് നമ്പൂതിരി ദർശനം നടത്തി. ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിലെ പൂജാരി റാവൽ എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. കണ്ണൂർ പയ്യന്നൂർ ചെറുതാഴം വടക്കേ ചന്ദ്രമാ ഇല്ലത്തെ പരേതനായ വിഷ്ണു നമ്പൂതിരിയുടെ പുത്രൻ 34 കാരനായ ഈശ്വര പ്രസാദ് നമ്പൂതിരി 2014 ലാണ് റാവൽജി ആയത്. ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ പൂർണ്ണ കുംഭം നൽകി റാവൽജിയെ സ്വീകരിച്ചു. ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ക്ഷേത്രത്തിലെ വേദപഠനശാലയിലെ വിദ്യാർത്ഥികളുമായി റാവൽജി വിവിധ വിഷയങ്ങളെ കുറിച്ച് സംവാദം നടത്തി.