കോട്ടയം : ജില്ലാ ഭരണസിരാകേന്ദ്രത്തിൽ എത്തുന്നവർ അല്പനേരം വിശ്രമിക്കണമെന്ന് തോന്നിയാൽ ദയവ് ചെയ്ത് മുന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കരുത്. തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലായ ഇരിപ്പിടങ്ങളിൽ ഇരുന്നാൽ ഗ്യാരന്റിയൊന്നുമില്ല. ദിനംപ്രതി നൂറ് കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന കളക്ടറേറ്റിലെ ഇരിപ്പിടങ്ങൾ ഏറെനാളായി ശോച്യാവസ്ഥയിലാണ്. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിന്റെ ഭാഗമായി ഇരിപ്പിടങ്ങളിലെ ഓരോ സീറ്റ് വീതം നീക്കം ചെയ്തിരുന്നു. നിയന്ത്രണങ്ങൾ മാറിയെങ്കിലും ഇരിപ്പിടങ്ങളുടെ സ്ഥിതിയിൽ മാറ്റമില്ല. നീക്കം ചെയ്തവ പ്രവേശനകവാടത്തിന്റെ മൂലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നിലവിലുള്ള ഇരിപ്പിടങ്ങളുടെ കൈപ്പിടികൾ തുരുമ്പെടുത്ത് അടർന്ന് പോയ നിലയിലാണ്. ഇവിടെ സെല്ലോടേപ്പും, പേപ്പറുകളും ഉപയോഗിച്ച താത്കാലികമായി മൂടിയിട്ടുണ്ട്. കയറുകൾ ഉപയോഗിച്ച് കെട്ടിവെച്ച ഉപേക്ഷിച്ച പഴയ തടി കസേരകളും ഇക്കൂട്ടത്തിലുണ്ട്. ജില്ലാ കളക്ടറുടെ ചേംബറിനു സമീപത്ത് പ്രവർത്തിക്കുന്ന ഓഫീസുകളുടെ സ്ഥിതിയും സമാനമാണ്.
നാറിയിട്ട് വയ്യേ !
വിവിധ ഓഫീസുകൾക്ക് സമീപം ശൗചാലയങ്ങളുണ്ടെങ്കിലും മൂക്കുപൊത്താതെ കയറാനാകില്ല. വാതിലുകൾ ഉണ്ടെങ്കിലും ശോച്യാവസ്ഥയിലാണ്. സമീപത്തെ ഓഫീസുകളിലേയ്ക്കും ദുർഗന്ധം വ്യാപിക്കുകയാണ്.