accident

കോട്ടയം : ലൈസൻസില്ലാതെ കുട്ടി ഡ്രൈവർമാർ വണ്ടിയുമായി കറങ്ങിയാൽ കർശന നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമേറുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ഡിവൈ.എസ്.പിമാർക്കും ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. അപകടമുണ്ടായാൽ രക്ഷിതാവ് പ്രതിയാകുന്നതിനൊപ്പം സാമ്പത്തിക ബാദ്ധ്യതയും വഹിക്കേണ്ടിവരും. പമ്പാടിയിൽ 14 വയസുള്ള സ്കൂൾ വിദ്യാർത്ഥിനി രണ്ട് സഹോദരിമാരേയും കയറ്റി ഓടിച്ച സ്കൂട്ടർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയതാണ് ഒടുവിലത്തെ സംഭവം. ബൈക്ക് ഓടിച്ച യുവാവ് മരിക്കുകയും പെൺകുട്ടികൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പിതാവിനെയാണ് പ്രതിയാക്കിയത്. സമാനമായ നിരവധി സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുകയാണ്.

 കാര്യം നിസാരമല്ല

ഗുരുതര പരിക്കേൽക്കുന്നതിനൊപ്പം ഇൻഷ്വറൻസ് തുകയും ലഭികക്കില്ല. ബാദ്ധ്യത മുഴുവൻ വാഹന ഉടമ ഏറ്റെടുക്കേണ്ടി വരും. തുക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ റവന്യൂ റിക്കവറി അടക്കം നടത്തും. കിടപ്പാടം പോലും നഷ്ടപ്പെട്ട് വഴിയാധാരമാകും.

പിഴ 25000 വരെ
ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 25,000 പിഴയോ, 3 മാസം തടവുശിക്ഷയോ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. നിയമവിരുദ്ധമായി വാഹനം ഓടിക്കുന്ന കുട്ടികൾക്ക് 25 വയസ് വരെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല, കുട്ടികൾക്കെതിരെ ജുവനൈൽ കോടതിയിൽ കേസും നിലനിൽക്കും.

എസ്.പിയുടെ നിർദ്ദേശങ്ങൾ

 ലൈസൻസില്ലാതെ വിദ്യാർത്ഥികൾ വാഹനമോടിക്കുന്നത് അദ്ധ്യാപകരും രക്ഷകർത്താക്കളും വിലക്കണം

 കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണം നൽകണം

 സംഭവം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വിവരം അറിയിക്കണം

സ്റ്റേഷനതിർത്തികളിൽ വാഹന പരിശോധന കർശനമാക്കും. അമിവേഗം, രൂപമാറ്റം, സ്റ്റണ്ടിംഗ് തുടങ്ങിയ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കും'' ഡി.ശില്പ, ജില്ലാ പൊലീസ് മേധാവി