വീഴാറായി ഇളമ്പള്ളി വെങ്ങാനാത്തുവയൽ വെയിറ്റിംഗ് ഷെഡ്
ഇളമ്പള്ളി:പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ ഇളമ്പള്ളി വെങ്ങാനാത്തുവയൽ വെയിറ്റിംഗ്‌ഷെഡ് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ. ഏറെ തിരക്കുള്ള കൂരാലി പള്ളിക്കത്തോട് റോഡിലാണ് വെയിറ്റിംഗ്‌ഷെഡ് ഭീഷണിയായി മാറിയിരിക്കുന്നത്. ഇരുമ്പുപൈപ്പ് കൊണ്ടു നിർമ്മിച്ച ഷെഡിന്റെ മേൽക്കൂര അലുമിനിയം ഷീറ്റാണ്. കാലപ്പഴക്കംകൊണ്ട് ദുർബലമായ ഷെഡിനുമേൽ ലോറി ഇടിക്കുകകൂടി ചെയ്തതോടെയാണ് ഏതുനിമിഷവും വീഴാവുന്ന നിലയിലായത്. പൊൻകുന്നത്ത് നിന്നും കൂരാലി വഴി പള്ളിക്കത്തോട് ,പാലാ,കോട്ടയം റൂട്ടുകളിലോടുന്ന നിരവധി ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്. വെയിറ്റിംഗ് ഷെഡിലെ ഇരിപ്പിടം തകർന്നിട്ടില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ വെയിലും മഴയുമേൽക്കാതെ ഇവിടെയാണ് വിശ്രമിക്കുന്നത്.
നിവേദനം നൽകി
സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരടക്കമുള്ളവർ പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന ആവശ്യവുമായി പഞ്ചായത്തിൽ നിവേദനം നൽകി.
അടുത്ത സാമ്പത്തിക വർഷത്തിൽ ആദ്യംതന്നെ പുതിയ വെയിറ്റിംഗ്‌ഷെഡ് നിർമ്മിക്കുമെന്ന് വാർഡ് മെമ്പർ ജിന്റോസി.കാട്ടൂർ അറിയിച്ചു.