pooram

കോട്ടയം : കൊവിഡിന്റെ താണ്ഡവത്തിന് ശേഷം പുന:രാരംഭിക്കുന്ന തിരുനക്കര പകൽപ്പൂരം അടിപൊളിയാക്കാൻ മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൊലീസും എക്‌സൈസും സംയുക്ത പരിശോധന നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. 23 ന് വൈകിട്ട് നടക്കുന്ന പകൽപ്പൂരത്തിന് 22 ആനകളെ എഴുന്നള്ളിക്കും. ജനത്തിരക്ക് നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനുമായി 450 പൊലീസുകാരെ വിന്യസിക്കും. മുൻവർഷങ്ങളെയപേക്ഷിച്ച് ചൂടുകൂടിയ സാഹചര്യമായതിനാൽ അഞ്ചുമണിക്ക് ശേഷമെ ആനകളെ എഴുന്നള്ളിക്കൂ. ഈ സമയത്ത് വെടിക്കെട്ട് പരിപാടികൾ ഒഴിവാക്കണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എ.സാജു പറഞ്ഞു. പകൽപ്പൂരദിവസം ജില്ലാ ചീഫ് വെറ്ററിനറി ഓഫീസറും എലിഫന്റ് സ്‌ക്വാഡിന്റെ മേധാവിയുമായ, ഡോ.ഷാജി പണിക്കശേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാവും. ആനകളെ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമേ എഴുന്നള്ളിപ്പിന് അനുവദിക്കൂ. പൂര ദിവസത്തെ ഗതാഗത ക്രമീകരണം ജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്ന് മോട്ടോർവാഹനവിഭാഗം അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വാഹന, പാർക്കിംഗ് നിയന്ത്രണത്തിനായി പൊലീസിനൊപ്പമുണ്ടാകും.

വൻ സന്നാഹം

 ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിനകത്തും പൊലീസ്

 നഗര ശുചീകരണവും വഴിവിളക്ക് നന്നാക്കലും കുടിവെള്ള വിതരണവും നഗരസഭയ്ക്ക്

 ആനകളുടെ ചൂട് നിയന്ത്രണത്തിനായി വെള്ളം വലിയടാങ്കുകളിൽ സംഭരിക്കും

 പൂരദിവസം രാത്രി വൈകി മടങ്ങുന്നവർക്ക് വാഹനമുറപ്പാക്കൻ പ്രത്യേക സംവിധാനം