
കോട്ടയം : ഇന്നലെ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്ന് വിജിലൻസ് പിടിയിലായ വിനോയ് ചന്ദ്രൻ അദ്ധ്യാപികയോട് നടത്തിയത് പഞ്ചാര വർത്തമാനം. അദ്ധ്യാപികയെക്കൊണ്ട് വാങ്ങിപ്പിച്ച ഷർട്ടിലെ ഫിനോഫ്തലിനാണ് വിനോയെ അക്ഷരാർത്ഥത്തിൽ കുടുക്കിയത്.
അദ്ധ്യാപികയുടെ പി.എഫ് ഫണ്ട് രേഖപ്പെടുത്താത്തത് മൂലമാണ് സംസ്ഥാന നോഡൽ ഓഫീസറെ സമീപിച്ചത്. പല തവണ ഫോണിൽ വിളിച്ചെങ്കിലും വിനോയ് ചന്ദ്രൻ ഒഴിഞ്ഞുമാറി. പിന്നീട് വിളിച്ചപ്പോൾ വാട്സ് ആപ്പിൽ വിളിക്കാൻ പറയുകയായിരുന്നു. വിളിച്ചപ്പോൾ '' കാണാൻ സുന്ദരിയാണെന്നും ഒരു ഉപകാരം ചെയ്തുതരുമ്പോൾ എനിക്ക് നിങ്ങൾ പ്രത്യുപകാരം ചെയ്യണമെന്നും ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ'' എന്നുമായിരുന്നു വിനോയുടെ പ്രതികരണം. ദുരുദ്ദേശം മനസിലാക്കി അദ്ധ്യാപിക പറ്റില്ലെന്ന് തീർത്തു പറഞ്ഞതോടെ ഫയൽ തീർപ്പാക്കാതെ വിനോയ് ബുദ്ധിമുട്ടിച്ചു. തുടർന്ന് അദ്ധ്യാപിക വീണ്ടും ഫോണിൽ വിളിച്ചപ്പോഴാണ് കോട്ടയത്ത് റൂമെടുക്കാമെന്ന അതിബുദ്ധി വിനോയ് കാട്ടിയത്. ഹോട്ടൽ മുറിയിൽ ഗർഭനിരോധന ഉറകളടക്കം കരുതിയാണ് ഇയാൾ കാത്തിരുന്നതെങ്കിലും വിജിലൻസ് സംഘം പിടികൂടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇൻസ്‌പെക്ടർമാരായ സജു.എസ്.ദാസ്, രതീന്ദ്രകുമാർ, റെജികുന്നിപ്പറമ്പിൽ, ജയകുമാർ, എസ്.ഐമാരായ അനിൽകുമാർ,സുരേഷ്‌കുമാർ,പ്രസന്നകുമാർ,ഗോപകുമാർ,എ.എസ്.ഐമാരായ.സ്റ്റാൻലി തോമസ്,സാബു, അനിൽകുമാർ,ഹാരിസ്, ടിനുമോൻ, സി.പി.ഒ മാരായ മനോജ്കുമാർ, അനൂപ്, രാജേഷ്, അരുൺചന്ദ്, രഞ്ജിനി തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.