അരീക്കര: ശ്രീനാരായണ യു.പി സ്‌കൂളിലെ അദ്ധ്യാപികയെ വാഹനത്തിലെത്തിയ സംഘം സ്‌കൂളിൽ കയറി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ദേഹമാസകലം പരിക്കേറ്റ അദ്ധ്യാപിക ആശുപത്രിയിൽ ചികിത്സ തേടി.

ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഒരു സ്ത്രീ ഉൾപ്പെട്ട സംഘം സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിനിടെ പുറത്തേക്കിറങ്ങിവന്ന അദ്ധ്യാപികയെ കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചു. അക്രമികൾ കഴുത്തിൽ കുത്തിപ്പിടിച്ചതോടെ ടീച്ചർ കുഴഞ്ഞു വീണു. ശബ്ദം കേട്ട് സഹ അദ്ധ്യാപകരും മറ്റും ഓടിയെത്തിയപ്പോൾ അക്രമികൾ വാഹനത്തിൽ കടന്നുകളഞ്ഞത്. തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് രാമപുരം പൊലീസിൽ പരാതി നൽകി.

അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ എത്രയുംവേഗം പിടികൂടുമെന്നും രാമപുരം പൊലീസ് പറഞ്ഞു. സംഭവത്തിൽ അദ്ധ്യാപികയുടെ അടുത്ത ബന്ധുക്കളായ ചിലർക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം അരീക്കര 157ാം നമ്പർ ശാഖ പ്രതിഷേധിച്ചു. കുറ്റവാളികളെ എത്രയുംവേഗം പിടികൂടിയില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ശാഖാ നേതാക്കളായ എ.എം. ഷാജി, സന്തോഷ് പൊട്ടക്കാനാൽ, ബിജുമോൻ, ഹരിദാസ് കർത്താനക്കുഴിയിൽ, ബിജു എ.പി., സജീവ് കെ.കെ., ബാബുരാജ്, വി.റ്റി. ബാബു എന്നിവർ വ്യക്തമാക്കി. സംഭവത്തിൽ സ്‌കൂൾ പി.ടി.എ സമിതിയും പ്രതിഷേധിച്ചു.