
കോട്ടയം: കഷ്ടപ്പെട്ട് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാതെ സമരപാതയിലേയ്ക്ക് ഇറങ്ങുകയാണ് പഞ്ചായത്ത് ലൈബ്രേറിയൻ ഉദ്യോഗാർത്ഥികൾ. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് മൂലം ജില്ലയിൽ ഒരാളെപ്പോലും ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമിച്ചിട്ടില്ല. 2019ൽ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റ് കാലാവധി മൂന്ന് മാസത്തിനുള്ളിൽ അവസാനിക്കുമ്പോൾ കോട്ടയം,പത്തനംതിട്ട ജില്ലകളിലായുള്ള ഉദ്യോഗാർത്ഥികൾ മുട്ടാത്ത വാതിലുകളില്ല.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ അപേക്ഷ ക്ഷണിച്ചത് 2016ലാണ്. 2018ൽ പരീക്ഷ നടത്തി. 2019 ആഗസ്റ്റിൽ റാങ്ക് പട്ടികയും പുറത്തിറക്കി. എന്നാൽ റാങ്ക് പട്ടിക നിലവിലിരുന്നിട്ടും എല്ലാ പഞ്ചായത്തുകളിലും അവരവർക്ക് താത്പര്യമുള്ള താത്കാലികക്കാരെ തിരുകി കയറ്റുകയും ചെയ്തു. ഇക്കാലത്ത് കോട്ടയം, പത്തനം തിട്ട ജില്ലകളിലായി 50ലേറെ പേരെ സ്ഥിരപ്പെടുത്തി. ഓഫീസ് അസിസ്റ്റന്റുമാരായിരുന്നവരെ ചട്ടം ലംഘിച്ച് ഡബിൾ പ്രമോഷൻ നൽകിയും ലൈബ്രേറിയൻ തസ്തികയിൽ സ്ഥിരപ്പെടുത്തി.
 ഇനി 3 മാസം
3 മാസത്തിനുള്ളിൽ കാലാവധി അവസാനിക്കും. എന്നാൽ പ്രശ്നങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. പഞ്ചായത്ത് ലൈബ്രറികളിൽ യോഗ്യതയുള്ള ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിമാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. മുഴുവൻ സമയ തസ്തിക അനുവദിച്ച് ലൈബ്രേറിയന്മാരെ നിയമിക്കാൻ തയ്യാറാകാത്ത സർക്കാർ അയോഗ്യരായ ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം. റാങ്ക് പട്ടികയിൽ ഇടം നേടിയ ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു തസ്തികയിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവരാണ്. കണ്ടിജന്റ് ലൈബ്രേറിയന്മാരായി സ്ഥിരപ്പെടുത്തിയ ആൾക്കാർക്കിടയിൽ 10-ാം ക്ലാസ് പാസ്സാകാത്തവർ പോലും ഉണ്ട്.
'' പഠിച്ച പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടംനേടിയവരാണ് ഇപ്പോൾ സമര രംഗത്തേയ്ക്കിറങ്ങുന്നത്. താൽക്കാലികക്കാരെ മാറ്റി പി.എസ്.സിയിൽ നിന്ന് നിയമനം നടത്തണം''
- ഉദ്യോഗാർത്ഥികൾ
 കോട്ടയത്ത് മെയിൻ ലിസ്റ്റിലുള്ളത് 15 പേർ
 ചട്ടം ലംഘിച്ച് താത്കാലികക്കാരെ നിയമിച്ചു
 പരാതി നൽകിയിട്ടും മന്ത്രി പരാതി ഗൗനിച്ചില്ല