വൈക്കം : കൊതവറ സെന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവും സെന്റ് സേവ്യേഴ്‌സ് ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷവും ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി ഉച്ചയ്ക്ക് 2.30ന് സെന്റ് ഫ്രാൻസീസ് സേവ്യർ ചർച്ച് പാരീഷ് ഹാളിൽ വിദ്യാഭ്യാസ മേഖല സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ സ്‌കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സെന്റ് സേവ്യേഴ്‌സ് കോളേജ് ലക്ചറർ പാർവതി ചന്ദ്രൻ വിഷയാവതരണം നടത്തും. കോളേജ് പ്രിൻസിപ്പാൾ ഡോ. രാജു മാവുങ്കൽ മോഡറേറ്ററായിരിക്കും. ലക്ചറർ എ.ജി രേഖ, ലഫ്. റോയ് മാത്യു, സാബു ജോസഫ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 5.30ന് സെന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് പള്ളി അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. ഫാ. ജോഷി വേഴപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുതിർന്ന പൂർവ അദ്ധ്യാപകരെയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് മുതിർന്ന വിദ്യാർത്ഥികളെയും ആദരിക്കും. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്റ്റ്യൻ എൻഡോവ്‌മെന്റ് വിതരണം നിർവഹിക്കും. തുടർന്ന് തിരുവാതിര, കോമഡി ഷോ, ഗാനമേള എന്നിവ നടക്കുമെന്ന് സ്‌കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ, സ്വാഗതസംഘം ചെയർമാൻ കെ.ഒ.രമാകാന്തൻ, ജനറൽ കൺവീനർ എം.എ.ലൂസി, സേവ്യർ തുരുത്തേൽ, സേവ്യർ പള്ളിപ്പറമ്പ് എന്നിവർ അറിയിച്ചു.