തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള 2021 ലെ ബഷീർ ബാല്യകാലസഖി പുരസ്‌കാരം പ്രമുഖ സാഹിത്യകാരി ബി.എം സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്‌കാരം കവയത്രി വി.എം ഗിരിജയ്ക്കും 19ന് വിതരണം ചെയ്യും.
ബഷീർ 1960 മുതൽ 1964 വരെ കുടുംബസമേതം താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് 19ന് വൈകിട്ട് 5 നാണ് പുരസ്‌കാര വിതരണ ചടങ്ങ് നടത്തുന്നത്. ബഷീർ സ്മാരക സമിതി വൈസ് ചെയർമാനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഡോ. പോൾ മണലിന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരനും സമിതി ചെയർമാനുമായ കിളിരൂർ രാധാകൃഷ്ണൻ പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യനിരൂപകൻ ഡോ.എം.എം ബഷീർ മുഖ്യപ്രഭാഷണം നടത്തും. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്റൻ ബഷീർ അനുസ്മരണവും വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും സാംസ്‌കാരിക പ്രവർത്തകനുമായ അനീസ് ബഷീർ പുരസ്‌കാര വിതരണവും നിർവഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മുഖ്യാതിഥിയായിരിക്കുമെന്ന് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ഫെഡറൽ ബാങ്ക് അസോസിയ​റ്റ് വൈസ് പ്രസിഡന്റ് ആർ. കലദേവി എന്നിവർ അറിയിച്ചു.