budget

കോട്ടയം: പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല. പ്രളയ ദുരിതത്തിലായ കൂട്ടിക്കലിന് പ്രത്യേക പാക്കേജും ഉണ്ടായില്ല. റബർ കർഷകരുടെ ദുരിതം പരിഹരിക്കാനും നടപടികളില്ല. ജില്ലയ്ക്കായി ഈ ബഡ്ജറ്റ് കാര്യമായൊന്നും കരുതി വയ്ക്കുന്നുമില്ല. ശബരി റെയിൽവേ പറ്റി പരാമർശമില്ല. വിമാനത്താവളത്തിനാവട്ടെ ഡി.പി.ആറിന് രണ്ട് കോടി നീക്കിവച്ചു. മുൻവർഷം 9 കോടി രൂപയുണ്ടായിരുന്നു.

കുട്ടനാട്,​ ഇടുക്കി പാക്കേജുകൾ പോലെ കൂട്ടിക്കലിനെ കരകയറ്റാൻ പ്രത്യേക പാക്കേജുണ്ടാകുമന്ന് പ്രതീക്ഷിച്ചപ്പോൾ പ്രളയത്തിലെ തകർന്ന റോഡുകളുടെ പാലങ്ങളുടെയും പുനർനിർമാണമെന്ന പരാമർശത്തിൽ എല്ലാം ഒതുങ്ങി. പ്രകടന പത്രികയിലെ വാഗ്ദാനം പോലെ റബറിന്റെ തറവിലയും ഉയർന്നില്ല. 170 രൂപ തറവിലയാക്കിയാണ് 500 കോടി ഉത്തേജന പാക്കേജിലേയ്ക്ക് മാറ്റിവച്ചിരിക്കുന്നത്. ഇപ്പോൾ കച്ചവടം നടക്കുന്നത് 170 രൂപയ്ക്കു മുകളിലാണ്. ഈ സാഹചര്യത്തിൽ പദ്ധതിപ്രകാരമുള്ള തുക കർഷകന് ലഭിക്കുകയുമില്ല. തറവില 200 എങ്കിലുമായിരുന്നെങ്കിൽ പ്രയോജനപ്പെട്ടേനെ. സെന്റർ ഫോർ പ്രൊഫഷനൽ ആൻഡ് അഡ്വാൻസസ് സ്റ്റഡീസിൽ (സീപാസ്) ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നിർമിക്കാൻ 3 കോടി അനുവദിച്ചതുപോലുള്ള ചെറിയ പ്രഖ്യാപനങ്ങൾ മാത്രമാണ് ജില്ലയുടെ പേരെടുത്ത് പരാമർശിച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ പൊതു പ്രഖ്യാപനത്തിന്റെ ഭാഗമായി മാത്രമേ ജില്ലയ്ക്ക് ബഡ്ജറ്റിൽ നിന്ന് എന്തെങ്കിലും ലഭിക്കുകയുള്ളൂ.

ജില്ലയ്ക്ക് ലഭിക്കുന്നത്

സർവകലാശാലകളിൽ സ്റ്റാർട്ട് അപ്പ്, ഇൻകുബേഷൻ സെന്ററുകൾക്ക് 20 കോടി
 പുതിയ ഹ്രസ്വകാല കോഴ്‌സുകളും പി.ജി.കോഴ്‌സുകളും പുതുകാല കോഴ്‌സുകൾക്ക് 20 കോടി
 കാമ്പസുകളിൽ 1500 പുതിയ ഹോസ്റ്റൽ മുറികളും 250 ഇന്റർനാഷനൽ ഹോസ്റ്റൽ മുറികളും

 വേമ്പനാട് കായൽ ശുചീകരണം
നെൽകൃഷി വികസനത്തിന് 76 കോടി
നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയർത്താൻ 50കോടി
 ജില്ലകളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുള്ള പദ്ധതികൾ
 വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിന് 20 കോടി
എം.സി.റോഡ് വികസനത്തിനായി കിഫ്ബി വഴി 1500കോടി
 തീത്ഥാടന ടൂറിസം സർക്യൂട്ടുകൾ ശക്തിപ്പെടുത്താൻ എരുമേലി അടക്കം പദ്ധതി
 മെഡിക്കൽ കോളേജുകളുടെ വികസനത്തിൽ കോട്ടയത്തിന് പ്രത്യേക വിഹിതം
 ശബരിമല എയർപോർട്ടിന്റെ സാദ്ധ്യത പഠനത്തിനും ഡി.പി.ആർ തയാറാക്കാനും 2 കോടി
 ചാമ്പ്യൻസ് ബോട്ട് ലീഗിന് 15 കോടി
 വൈക്കത്ത് പി.കൃഷ്ണപിള്ള നവോത്ഥാന പഠനകേന്ദ്രത്തിന് 2 കോടി
 മാന്നാനത്ത് ഒരു കോടി ചെലവിൽ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം
 ആദിത്യ മാതൃകയിൽ ഫെറി ബോട്ടുകളും സോളാറിലേയ്ക്ക്
 വന്യജീവി അക്രമങ്ങളിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം