
കോട്ടയം: വലിയ നോയമ്പിലും പതിവ് തെറ്റിച്ച് മൽസ്യ, മാംസ വില കുതിച്ചുയരുന്നു. 50 ദിവസം നീളുന്ന ക്രൈസ്തവരുടെ വലിയ നോയമ്പിന് മത്സ്യ മാംസങ്ങളുടെ ഉപയോഗം കുറയുമ്പോൾ വിലയും കുറയുന്നതായിരുന്നു സമീപ കാലം വരെയുള്ള പതിവ്. എന്നാൽ 100- 120 രൂപയിൽ സ്റ്റെഡിയായി നിന്ന ഇറച്ചി കോഴി വില കിലോയ്ക്ക് 160 എന്ന റെക്കാഡിലെത്തി . കേരള, സുഗുണ ഇനം ചിക്കന് വില ഇതിലും കൂടുതലാണ്. ആട്ടിറച്ചി കിലോയ്ക്ക് 750 രൂപയും മാട്ടിറച്ചി 380 രൂപയുമാണ് .
മത്സ്യ ഇനങ്ങളുടെ വില വർദ്ധിച്ചുവെന്നു മാത്രമല്ല, മീനിന് ക്ഷാമവുമായി. നെയ്മീൻ കിലോയ്ക്ക് 900 രൂപയിലെത്തി. വാടി നെയ്മിന് 950 രൂപയാണ്. വറ്റ, കാളാഞ്ചി, മോത തുടങ്ങിയ ഇനങ്ങൾക്ക് വില 400 രൂപയ്ക്ക് മുകളിലാണ് . മത്തി ,അയല, കിളി തുടങ്ങി ചെറിയ ഇനങ്ങൾക്കും 200 രൂപയ്ക്ക് മുകളിൽ കൊടുക്കണം. കായൽ മത്സ്യങ്ങളുടെ വിലയും ഉയർന്നു. വലിപ്പമുള്ള കരിമീൻ കിലോയ്ക്ക് 580 രൂപയിലെത്തി. കായൽ മുരശ് , കായൽ കാളാഞ്ചി വില 400- 440 രൂപയാണ്.
ചൂട് കൂടിയതോടെ കടലിലും കായലിലും മത്സ്യങ്ങൾ കുറഞ്ഞുവെന്ന് തൊഴിലാളികൾ പറയുന്നു. മത്തി, അയല ഇനങ്ങൾ കേരളത്തിലെ കടൽ പ്രദേശങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇത് മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
പച്ചക്കറി വില കുറഞ്ഞു
പച്ചക്കറി വില ഏറെക്കാലം ഉയർന്ന ശേഷം കുറഞ്ഞു. സവാള, ഉള്ളി വില കിലോയ്ക്ക് 40 രൂപയിൽ എത്തി. ഉള്ളിവില 80 രൂപ വരെ ഉയർന്നിരുന്നു . 100 രൂപ വരെ ഉയർന്ന തക്കാളി വില കിലോയ്ക്ക് 24 രൂപയായി. 300 രൂപയായിരുന്ന മുരിങ്ങക്ക വില 200ലും താഴ്ന്നു . കാരറ്റ് വില ഇപ്പോഴും 80 ആയി ഉയർന്നു നിൽക്കുന്നു . പയറ്, ബീൻസ്, വെണ്ടക്ക അടക്കം മറ്റ് ഇനങ്ങളുടെ വില 40 രൂപയിൽ താഴെയെത്തി.
അരിവിലയിൽ കുറവില്ല
പെട്രോൾ, ഡീസൽ വില ഉയർന്നതിനൊപ്പം ഇടക്കാലത്ത് വർദ്ധിച്ച അരിവില മാറ്റമില്ലാതെ തുടരുകയാണ് . കുത്തരിക്ക് കിലോയ്ക്ക് 45 -50 രൂപയായി. ബ്രാൻഡഡ് അരിക്ക് ഇതിലും കൂടുതലാണ് . പരിപ്പ്, പയർ, ഉഴുന്ന്, വറ്റൽ മുളക് തുടങ്ങിയവയുടെ വിലയും ഉയർന്നു നിൽക്കുന്നു.