
കോട്ടയം: ബഡ്ജറ്റിൽ 500 കോടി രൂപ റബർ മേഖലയ്ക്ക് വകയിരുത്തിയെങ്കിലും കർഷകന് കാര്യമായ ഗുണമുണ്ടാകില്ലെന്ന് റബർ കർഷകർ. കിലോഗ്രാമിന് 170 രൂപയാണ് റബറിന്റെ വിലസ്ഥിരതാ ഫണ്ടിൽ സംസ്ഥാന ഗവൺമെന്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ 500 കോടി രൂപ വിലസ്ഥിരതാ ഫണ്ടിലേക്ക് മാറ്റിവച്ചിരുന്നു.തുടർന്ന് ഏപ്രിൽ മുതൽ ഫെബ്രുവരി വരെ റബറിന് കിലോയ്ക്ക് 170 രൂപ വിപണിവില ലഭിച്ചിരുന്നു. അതുകൊണ്ട് സബ്‌സിഡിക്കായി നീക്കിവെച്ച 500 കോടിയിൽ നിന്ന് കാര്യമായി വിതരണം ചെയ്യേണ്ടിവന്നില്ല. മാത്രമല്ല 170 രൂപയും മാർക്കറ്റ് വിലയും തമ്മിലുള്ള വ്യത്യാസം ആറ്, ഏഴ് രൂപ മാത്രമായതുകൊണ്ട് കർഷകർ സബ്‌സിഡിക്കായി ഗവൺമെന്റിനെ സമീപിച്ചിരുന്നില്ല. ഈ വർഷവും 500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത് .
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില വർദ്ധിച്ച് നിൽക്കുന്നതിനാൽ സിന്തറ്റിക്ക് റബറിന്റെ വില ഉയരാനുള്ള സാദ്ധ്യതയുണ്ട്. ഇതുമൂലം റബറിന്റെ മാർക്കറ്റ് വില 170ന് മുകളിലാകാം. റബറിന് നിലവിൽ 162,168 രൂപ ലഭിക്കുന്നുണ്ട്. ഉൽപാദനചെലവിന്റെ അടിസ്ഥാനത്തിൽ 170 രൂപ കർഷകന് ലാഭകരമല്ല. 200 രൂപ തറവില പ്രഖ്യാപിച്ചാൽ 1 ലക്ഷം ടൺ റബറിന്റെ അധിക ഉത്പാദനം കേരളത്തിൽ ഉണ്ടാകും. തന്മൂലം 1700 കോടിയുടെ വരുമാനം കൃഷിക്കാരന് ലഭിക്കാം. വരുമാന വർദ്ധനവ് കൊവിഡ് മൂലം മന്ദീഭവിച്ച വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഉത്പാദനചെലവിന് ആനുപാതികമായി റബറിന് 200 രൂപ ലഭിച്ചെങ്കിൽ മാത്രമേ മേഖലയ്ക്ക് ഉണർവ് ഉണ്ടാകൂയെന്നാണ് കർഷകർ പറയുന്നത്.