
കോട്ടയം: കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി പൊലീസ്. ജില്ലയിൽ കുട്ടികൾ നിയമവിരുദ്ധമായി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന പ്രവണത ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം 14 വയസുള്ള വിദ്യാർത്ഥിനി ഇളയ സഹോദരങ്ങളെ സ്‌കൂട്ടറിൽ കയറ്റി വരുന്നതിനിടെ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിക്കുന്നതിനിടയാക്കിയിരുന്നു. സംഭവത്തിൽ കുട്ടികളുടെ പിതാവിനെതിരെ കേസെടുത്തു. തുടർന്ന് നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കി. ഇന്നലെ വൈകുന്നേരം ലൈസൻസ് ഇല്ലാതെ, മദ്യപിച്ച് വാഹനം ഓടിച്ച കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.
ഇത്തരത്തിലുള്ള സംഭവങ്ങളിൽ, വാഹനത്തിന്റെ രജിസ്‌ട്രേർഡ് ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി വാഹനം ഓടിക്കുന്ന കുട്ടികൾക്ക് 25 വയസ് വരെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത് സംബന്ധിച്ച് കുട്ടികൾക്കിടയിലും മാതാപിതാക്കൾക്കിടയിലും ബോധവൽക്കരണം നടത്തുന്നതിനും, ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കുന്നതിനും ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും മേധാവിമാർക്ക് അടിയന്തിരമായി നോട്ടീസ് നൽകും. വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം, സ്റ്റണ്ടിംഗ് തുടങ്ങിയ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.