കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വീണ ടിപ്പർ ലോറിക്കുള്ളിൽ ഡ്രൈവറും ക്‌ളീനറും കുടുങ്ങിയതായി സംശയം. പാറശാല സ്വദേശി എസ്.എസ് ഭവനിൽ അജികുമാർ ആണ് വാഹനം ഓടിച്ചിരുന്നത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവുതിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കാണുന്നത് പാറക്കുളത്തിലേക്ക് വീണ ലോറി വെള്ളത്തിനടിയിലേക്ക് മുങ്ങിത്താഴുന്നതാണ്. വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. കോട്ടയം അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ ടീമംഗങ്ങൾ രാത്രി വൈകിയും തെരച്ചിൽ തുടർന്നു. ചങ്ങനാശേരി മഹാദേവൻ കൊലക്കേസിൽ വിവാദമായ പാറമടക്കുളത്തിന് സമീപമുള്ള കുളത്തിലാണ് ലോറി മറിഞ്ഞത്. ഇവിടെ വാഹനം അപകടത്തിൽപെടുന്നത് പതിവാണെന്ന് സമീപവാസികൾ പറയുന്നു.