
കോട്ടയം: വളം കയറ്റാൻ എത്തിയ ലോറി മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിൽ മറിഞ്ഞത് മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിറുത്തി. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ ഡ്രൈവറടക്കം ലോറി പാറക്കുളത്തിലെ ചതുപ്പിൽ പൂണ്ടുപോവുകയായിരുന്നു. പത്തു പതിനഞ്ചു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കുശേഷമാണ് 60 അടിയോളം ആഴമുള്ള കുളത്തിൽ നിന്ന് ലോറി ഉയർത്താനായതും ഡ്രൈവർ അജികുമാറിന്റെ ജഡം കണ്ടെത്താനായതും.
ബ്രിട്ടീഷുകാരുടെ കാലത്ത് വെള്ളപ്പാറകൾ എടുത്തുണ്ടായതാണ് സർക്കാർ കല്ലുകുഴി, വെള്ളപ്പാറക്കുഴി എന്നീ പേരുകളിൽ അറിയപ്പെടുന്ന മുട്ടം പാറക്കുളം. 53 വർഷം മുൻപ് ചിത്തിര, മാർത്താണ്ഡം, റാണി കായലുകളുടെ ബണ്ട് നിർമ്മാണത്തിനും ഇവിടെ നിന്ന് കല്ലുകൾ കൊണ്ടു പോയിരുന്നു. കുട്ടനാട് മേഖലകളിലെ കെട്ടിട നിർമ്മാണത്തിനുമായും വെള്ളപ്പാറകൾ പൊട്ടിച്ചെടുത്തിട്ടുണ്ട്. പിന്നീട് കൂടുതൽ കടുപ്പമുള്ള കറുത്തപാറകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഇവിടത്തെ പാറഖനനം നിലച്ചത്. പിന്നീടത് കുളമായി രൂപപ്പെട്ടു. കുളത്തിന് ചുറ്റും കല്ലുകെട്ടിയും ഇരുമ്പ് വേലികൾ തീർത്തും സംരക്ഷണമൊരുക്കിയിട്ടുണ്ടെങ്കിലും അതു തകർത്താണ് ലോറി മറിഞ്ഞത്. രാജേന്ദ്രക്കുറുപ്പ് എന്നയാൾ നടത്തുന്ന വളം ഡിപ്പോ ഇതിനു സമീപമാണ്. ഇവിടെ നിന്ന് വളം എടുക്കാനാണ് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ അജികുമാർ ലോറിയുമായി എത്തിയത്. ആഴ്ചയിൽ ഒരിക്കൽ ഇദ്ദേഹം വളം എടുക്കാൻ എത്തുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. തിരുവായ്ക്കരി, പള്ളം പാടം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വളം കൊണ്ടുപോയിരുന്നത്.
പ്രതികരണങ്ങൾ,
ശബ്ദം കേട്ട് ഓടിയെത്തി നോക്കിയപ്പോൾ ലോറി താഴുന്നതാണ് കണ്ടത്. ചെളി നിറഞ്ഞ കുളത്തിൽ ഏണി ഉപയോഗിച്ച് ഇറങ്ങി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
- ജയേഷ് വിജയൻ, പ്രദേശവാസി
ആദ്യമായാണ് ഇവിടെ ഇത്തരമൊരു അപകടമുണ്ടാകുന്നത്. ഇന്നലെ അപകടത്തിൽപ്പെട്ട ഡ്രൈവറെ പതിവായി കാണാറുള്ളതാണ്. റോഡ് പരിചയക്കുറവുള്ളയാളല്ല. ദേഹാസ്ഥ്യസ്ഥ്യമാകാം അപകടത്തിന് ഇടയാക്കിയത്.
- കെ.സി മോഹനൻ പ്രദേശവാസി
പാറക്കുളത്തിലെ കല്ലുകൾ എടുക്കുന്ന കാലം മുതൽ ഇവിടെ താമസിക്കുന്നു. സമീപത്തുളള കുളങ്ങളിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള അപകടം ആദ്യമായാണ് സംഭവിക്കുന്നത്.
- സി.സി കുട്ടപ്പൻ, സമീപവാസി