ajikumar

കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടയിലേക്ക് മറിഞ്ഞ ലോറിയിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം 18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കണ്ടെടുത്തു. തിരുവനന്തപുരം പാറശ്ശാല എസ്.എസ് ഭവനിൽ ബി. അജികുമാർ (46) ആണ് മരിച്ചത്. ലോറിയുടെ കാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. മുട്ടത്തെ കൊഴുവത്തറ വളം ഡിപ്പോയിൽ നിന്ന് യൂറിയ കയറ്റി ആലപ്പുഴയിലേക്ക് പുറപ്പെടുന്നതിനിടെയാണ് റോഡരികിലെ കൽക്കെട്ട് തകർന്ന് ലോറി പാറമടയിലേയ്ക്ക് മറിഞ്ഞത്. ലോറിയുടെ ഉടമ കൂടിയായ അജികുമാർ ഇടയ്ക്കിടെ ഇവിടെ നിന്ന് വളം കയറ്റിക്കൊണ്ടു പോകാറുണ്ട്. ലോറി മറിയുന്നതു കണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്‌നിശമന സേനയുടെ സകൂബാ ടീം രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമവും വിജയിച്ചില്ല.

ഇന്നലെ രാവിലെ രണ്ട് വലിയ ക്രെയിനുകൾ എത്തിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. 15 അടിയോളം താഴ്ചയിൽ മുങ്ങിക്കിടക്കുകയായിരുന്ന ലോറി ഉച്ചയ്ക്ക് മൂന്നരയോടെ ഉയർത്തി. അജികുമാറിന്റെ ഭാര്യ: സുനിത. മക്കൾ: അശ്വിനി, അശ്വാത (വിദ്യാർത്ഥികൾ).