
മുണ്ടക്കയം: കൈയ്യേറ്റം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മുണ്ടക്കയം ശ്രീ പാർത്ഥസാരഥി ക്ഷേത്രഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറിക്കും രണ്ടാം വാർഡ് മെമ്പർക്കുമെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു. ക്ഷേത്രഭൂമിയിൽ നിലനിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതിനും കൈയ്യാലകൾ തകർത്ത് റോഡ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനുമെതിരെ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി ഉത്തരവു ലംഘിച്ചതിനെതിരെ അന്വേഷണം നടത്തി കർശനമായ മേൽനടപടി സ്വീകരിക്കുമെന്ന് മുണ്ടക്കയം സി.ഐ ഷൈൻകുമാർ അറിയിച്ചു. ഏറെ നാളായി ക്ഷേത്രഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു.