
കോട്ടയം:ചുറ്റുവട്ടത്ത് ഒരു വീടുവച്ചാൽ അലി സാഹിബിന്റെ കിണറ്റിലേക്ക് വൈദ്യുതി വയറും പൈപ്പ് (ഹോസ് ) കണക്ഷനും നിർബന്ധം. അത് പല പുരയിടങ്ങൾ താണ്ടിയായാലും എത്തും. ആർക്കും എതിർപ്പില്ല. ശുദ്ധജലം ചുരത്തുന്ന ഈ കിണറുള്ളതിനാൽ ഒരാളും സ്വന്തം പുരയിടത്തിൽ കിണർ കുഴിച്ചിട്ടില്ല. ഈരാറ്റുപേട്ട പഴയ ബസ് സ്റ്റാൻഡിൽ പലചരക്ക് വ്യാപാരിയായിരുന്ന അലിസാഹിബ് സ്വന്തം പുരയിടത്തിലെ ഉറവ വറ്റാത്ത കിണർ നാട്ടുകാർക്കായി വിട്ടുകൊടുത്തപ്പോൾ ചുറ്റും നിറഞ്ഞത് നൂറോളം മോട്ടോറുകൾ. ഒാരോ മോട്ടോറിൽ നിന്നും ഒരോ വീട്ടിലേക്കും കണക്ഷൻ.അര നൂറ്റാണ്ടായി വെള്ളം വറ്റാത്ത ഗ്രാമത്തിന്റെ തണ്ണീർക്കുടമാണ് ഈ കിണർ. ഇരുന്നൂറോളം കുടുംബങ്ങളുടെ ജീവജലം. ആദ്യം ആളുകൾ വെള്ളം കോരിക്കൊണ്ടുപോയി. പിന്നീടാണ് മോട്ടോറുകൾ സ്ഥാനം പിടിച്ചത്. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴയ്ക്കൽ അലിസാഹിബ് എന്ന നാട്ടുകാരുടെ അലിയണ്ണൻ ജീവിച്ചിരുപ്പില്ല. അദ്ദേഹത്തിന്റെ നിത്യ സ്മാരകം കൂടിയാണ് ഈ കിണർ.
വർഷങ്ങൾക്ക് മുൻപ് കുടുംബ വസ്തു വീതം വച്ചപ്പോൾ കിണറും വഴിയും ഉൾപ്പെടെ രണ്ട് സെന്റോളം ഭൂമി നാട്ടുകാർക്ക് ദാനം ചെയ്യാനായിരുന്നു അലിസാഹിബിന്റെ തീരുമാനം.