payar

കോട്ടയം: റബർ തോട്ടത്തിലെ തോട്ടപ്പയർ ശേഖരിച്ച് ഉണക്കി വിൽക്കുയെന്നത് മുൻകാലങ്ങളിൽ പ്രായമായവരുടെയും മറ്റും വരുമാനമാർഗമായിരുന്നു. ഇന്ന് തോട്ടപ്പയർ ഇല്ലാത്ത സ്ഥിതിയായി. 10 വർഷം മുൻപ് കിലോയ്ക്ക് 1000 രൂപയ്ക്ക് മുകളിൽ തോട്ടപ്പയർ പരിപ്പിന് ലഭിച്ചിരുന്നു. നിലവിൽ 500 രൂപയേ വിലയുള്ളൂ. പ്രധാനമായും മലേഷ്യയിലേക്കാണ് ഇതു കയറ്റുമതി ചെയ്യുന്നത്. വിദേശത്ത് റബർ കൃഷിയ്ക്ക് തണുപ്പിനും വളമായും ഉപയോഗിക്കുന്നുണ്ട്. റബർ തൈ നട്ട് രണ്ട് തട്ട് ഇല വന്നതിനുശേഷം തോട്ടപ്പയർ വിത്ത് പാകുകയാണ് പതിവ്.

റബറിന് തണുപ്പിനും കാലിത്തീറ്റയായും തോട്ടപ്പയർ ഉപയോഗിക്കുന്നു. കൂടുതൽ പാൽ ഉത്പാദനത്തിന് ഇതു സഹായിക്കും. തോട്ടപ്പയറിന്റെ പരിപ്പ് ഉണക്കിയാണ് വിൽക്കുന്നത്. ഡിസംബർ അവസാനത്തോടെ വിളവെടുപ്പ് ആരംഭിക്കും. ഏപ്രിൽ വരെ നീളും. പുലർച്ചെയാണ് പയർ ശേഖരണം, വെയിൽ കൂടുന്നതിനുസരിച്ച് പയർ പൊട്ടിത്തെറിച്ചു പോകുന്നതിന് ഇടയാക്കുമെന്ന് കർഷകനായ എബി ഐപ്പ് പറഞ്ഞു.

റബർ കൃഷിയിൽ നിന്നും പിൻവാങ്ങി മറ്റ് കൃഷികളിലേക്ക് കർഷകർ തിരിഞ്ഞതും റബർ വെട്ടിമാറ്റിയതും തോട്ടപ്പയർ ഇല്ലാതാക്കുന്നതിന് ഇടയാക്കി. തോട്ടപ്പയർ ഉണ്ടെങ്കിലും പയർ ശേഖരിച്ച് ഉണക്കിവിൽക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ഇതിനിടെ വിഷത്തോട്ടപ്പയറും കടന്നുകൂടി. മുണ്ടക്കയം, കോരുത്തോട്, കാഞ്ഞിരപ്പള്ളി, മണിമല, മാമ്മൂട്, പാമ്പാടി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും തോട്ടപ്പയർ ലഭിക്കുന്നത്. മുണ്ടക്കയം, പാമ്പാടി, ചെമ്മണൂർ, പാലക്കാട്, പുനലൂർ എന്നിവിടങ്ങളിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിൽ ഇവ ശേഖരിക്കുന്നുണ്ട്.

' പയർ ലഭ്യത വളരെ കുറവാണ്. മുൻപ് നല്ല വില ലഭിച്ചിരുന്നു. പയർ ഉണ്ടെങ്കിലും ശേഖരിക്കുന്നതിനായി പോകുന്നത് ചുരുക്കം പേർ മാത്രമാണ്. ഇപ്പോൾ 500 കിലോയ്ക്ക് അടുത്ത് വിലയുണ്ട്.

- ബേബി കോരുത്തോട്, മലഞ്ചരക്ക് വ്യാപാരി