കുമരകം : പഞ്ചായത്തിലെ 13, 11 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചാണാഞ്ചേരി പാലം തകർന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതമേറി. പാലത്തിന്റെ സ്ലാബ് പൂർണമായും തകർന്ന് തോട്ടിലേക്ക് പതിച്ച നിലയിലാണ്. ചാലുങ്കൽ ഭാഗത്തു കൂടി കാട്ടുത്തറ വാഴയിൽ റോഡിലേയ്ക്ക് കടക്കുന്നതിനുള്ള സൗകര്യം ഇല്ലാതായതിനാൽ ആളുകൾ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്ത് പദ്ധതി, തൊഴിലുറപ്പ് പദ്ധതി, തുടങ്ങി നിരവധി സാദ്ധ്യതകൾ വിനിയോഗിച്ച് പാലം പണിയാമെങ്കിലും ജനപ്രതിനിധികൾ നിസംഗത പുലർത്തുകയാണെന്നാണ് ആക്ഷേപം. അടിയന്തിരമായി പാലം പുനർനിർമ്മിച്ച് യാത്രാദുരിതമകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.