മണർകാട് : ആധുനിക രീതിയിൽ റോഡ് നവീകരിച്ചതോടെ കുരുതിക്കളമായി മാലം ജംഗ്ഷൻ റോഡ്. മണർകാട് - കിടങ്ങൂർ - പാലാ - പള്ളിക്കത്തോട് പോകുന്ന റോഡായിതിനാൽ വാഹനത്തിരക്കേറെയാണ്. അമിതവേഗതയിലാണ് വാഹനങ്ങൾ ഇതുവഴി ചീറിപ്പായുന്നത്. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇതിനകം ഉണ്ടായത്. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇറക്കവും വളവുമുള്ള റോഡിൽ സ്‌കൂളും കോളേജും സ്ഥിതി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആറ് പേർക്ക് പരിക്കേറ്റു. മാസങ്ങൾക്ക് മുൻപ് നിയന്ത്രണം വിട്ട സ്‌കൂട്ടർ റോഡരികിലെ മൈൽക്കുറ്റിയിലേക്ക് ഇടിച്ചു കയറിയിരുന്നു. വൈകിട്ടും രാവിലെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

രാത്രിയിൽ കണ്ണൊന്ന് തെറ്റിയാൽ

രാത്രി കാലങ്ങളിൽ സമീപത്ത് പ്രവർത്തിക്കുന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി നിരവധിപ്പേരാണ് എത്തുന്നത്. റോഡരികിൽ നിരവധി വാഹനങ്ങളാണ് അനധികൃത‌മായി പാർക്ക് ചെയ്യുന്നത്. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ വേഗതയിലെത്തുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കുന്നില്ല.

സ്റ്റോപ്പുണ്ട്, കാത്തിരിക്കാൻ ഇടമില്ല

കോളേജ് ജംഗ്ഷനിൽ ബസ് നിറുത്തുന്നതും ഇവിടെയാണ്. ബസ് സ്‌റ്റോപ്പ് ഉണ്ടെങ്കിലും മാലം ജംഗ്ഷനിൽ ഒരു വശത്ത് മാത്രമാണ് കാത്തിരിപ്പു കേന്ദ്രമുള്ളത്. യാത്രക്കാർ വഴിയിലേക്ക് ഇറങ്ങി നിൽക്കുന്നത് അപകടങ്ങൾക്കിടയാക്കും. അമിതവേഗത കുറയ്ക്കുന്നതിന് സ്പീഡ് ബ്രേക്കിംഗ് സംവിധാനം സ്ഥാപിക്കണമെന്നാണ് ആവശ്യം.