കോട്ടയം : നെൽകർഷകർക്ക് ഇത് നല്ലകാലം. ജില്ലയിലെ പാടശേഖരങ്ങളിൽ കൊയ്ത്തുത്സവം ആരംഭിച്ചതോടെ, കച്ചിയ്ക്ക് ഡിമാൻഡേറി. കടുത്തവേനലിൽ കന്നുകാലികർഷകർക്ക് പുല്ലിന് ക്ഷാമം നേരിട്ടതോടെയാണ് നെൽകർഷകർക്ക് കച്ചിയിൽ നിന്ന് ലാഭം കിട്ടുന്നത്. ഒരു കെട്ടിന് 190 രൂപയാണ് വില. ഇത് 22 മുതൽ 25 കിലോ വരെയാണ് ഉൾപ്പെടുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കും മലയോര മേഖലകളിലേയ്ക്കുമാണ് കച്ചി കൊണ്ടു പോകുന്നത്. മലയോര മേഖലയിലെ ഫാമുകളിലേക്കും കൂടുതലായി കച്ചി എടുക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ കച്ചിയ്ക്ക് 170 രൂപയായിരുന്നു വില. മണർകാട്, അമയന്നൂർ, നഗരപരിധി തുടങ്ങിയ സ്ഥലങ്ങളിലെ പാടശേഖരങ്ങളിലെ കൊയ്ത്തു കഴിഞ്ഞതോടെ, കച്ചിയ്ക്കും ആവശ്യക്കാരേറി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലും കൊയ്ത്ത് ആരംഭിക്കാത്തതും കച്ചിയ്ക്ക് വില കൂടാൻ ഇടയാക്കി. മുൻവർഷങ്ങളിൽ കച്ചിയ്ക്ക് ഡിമാൻഡ് കുറയുകയും പാടശേഖരങ്ങളിൽ കെട്ടിക്കിടന്ന ഇവ വെള്ളം കയറിയും മഴ നനഞ്ഞും പോകുന്ന സ്ഥിതിയായിരുന്നു.
ക്ഷീരകരർഷകർ ദുരിതത്തിൽ
വേനൽ നേരത്തെ ആരംഭിച്ചതും തോട്ടങ്ങളിലെയും പുരയിടങ്ങളിലെയും പുല്ലുകൾ ഉണങ്ങിപ്പോകുകയും തീപിടിത്തം വ്യാപകമായതും ക്ഷീര കർഷകരെ ദുരിതത്തിലാക്കി. മെഷീൻ ഉപയോഗിച്ച് പാടശേഖരങ്ങൾ കൊയ്തെടുക്കുന്നതിനാൽ, കച്ചിയിൽ കുറവുണ്ടാകുന്നുണ്ടെന്ന് കർഷകർ പറയുന്നു. മുൻകാലങ്ങളിലേതുപോലെ തൊഴിലാളികൾ ഇല്ലാത്തതും കൂലി വർദ്ധിച്ചതും വേഗത്തിൽ ഏക്കർ കണക്കിന് പാടശേഖരങ്ങൾ കൊയ്‌തെടുക്കാൻ സാധിക്കുന്നതിനാൽ മെഷീനാണ് ആശ്രയം.