പൊൻകുന്നം:മെച്ചപ്പെട്ട വരുമാനമുണ്ടായിരുന്ന രണ്ട് ചെയിൻ സർവീസുകൾ വല്ലപ്പോഴും ഓടുന്ന ബസുകളായി ചുരുക്കി.ഇത് കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപം ശക്തമായി.
മുണ്ടക്കയം പാലാ സർവീസും പൊൻകുന്നം പുനലൂർ സർവീസുമാണ് പേരിന് മാത്രമായി ചുരുക്കിയത്. നല്ല വരുമാനവുമായി ഡിപ്പോയെ നിലനിർത്തിയിരുന്ന സർവീസുകളാണ് ഇല്ലാതായത്. തുടക്കത്തിൽ 20 മിനിറ്റ് ഇടവിട്ട് 12 ബസുകളാണ് മുണ്ടക്കയം പാലാ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ശരാശരി 10000 രൂപ വരുമാനം ലഭിച്ചിരുന്ന സർവീസ് മുണ്ടക്കയത്തു നിന്നും ദേശീയപാത 183 വഴി പൊൻകുന്നത്ത് എത്തി സംസ്ഥാനപാതയിലൂടെയാണ് പാലായിലെത്തുന്നത്. പൊൻകുന്നം, പാലാ ഡിപ്പോകളിലെ 6 വീതം ബസുകളാണ് ചെയിനിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് രണ്ടു ബസുകൾ മാത്രമായി.
വർഷങ്ങളായി സർവീസ് നടത്തിവരുന്ന പാലാ പൊൻകുന്നം ചെയിൻ സർവീസ് ട്രിപ്പു മുടക്കുന്നതായി പരാതി ഉയരുന്നതിനാൽ ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേരളാകോൺഗ്രസ് എം. നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, കെ.എ. എബ്രഹാം എന്നിവർ സംസാരിച്ചു.