പാലാ: കുടക്കച്ചിറയിൽ വരകാപ്പിള്ളിൽ സരോജിനിയമ്മയുടെ ഗർഭിണിയായ ആടിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പേരേക്കുറിച്ച് സൂചന നൽകിയത് ഒന്നാം പ്രതിയുടെ ഭാര്യതന്നെ. എന്നാൽ ഇവർ പേര് വെളിപ്പെടുത്തിയ മൂന്നുപേരെയും പാലാ പൊലീസ്, ആദ്യം സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും കേസെടുക്കാതെ വിട്ടയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. തങ്ങളുടെ വീട്ടിലെ അടുക്കളയിൽ വച്ചാണ് ആടിനെ കൊന്നതെന്ന് ഒന്നാപ്രതി കിഴക്കേചേനാൽ സാജു ജോസഫിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞിരുന്നു. കേസിൽ ഭർത്താവിനൊപ്പം സമീപവാസികളായ ബെന്നി, ബിനീഷ്, റോബിൻസ് എന്നിവർകൂടി പങ്കുണ്ടെന്നും സാജു ജോസഫിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പൊലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ഒരു ജനപ്രതിനിധിയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്തുക്കളായ ഇവരെ പൊലീസ് സ്വാധീനം മൂലം വിട്ടയ്ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.ഇതിനിടെ പൊലീസ് വിട്ടയച്ച പ്രതികളിൽ ചിലർ സരോജിനിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഒന്നാം പ്രതി സാജു ജോസഫിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.