മറ്റക്കര: പ്രളയത്തിനും പന്നഗം തോടിനെ സഹായിക്കാനായില്ല. കനത്ത ചൂടിൽ തോട് വറ്റിവരണ്ടതോടെ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെ പ്രതിസന്ധിയിലാകും.. വേനൽ മഴയുടെ കുറവും തോട് നികന്നതും മൂലം തോട്ടിൽ വെള്ളം വറ്റിയ അവസ്ഥയിലാണ്. കുടിവെള്ള പദ്ധതികൾക്ക് പുറമേ കൃഷി പ്രവർത്തനങ്ങളും പന്നഗം തോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അമിതമായി അടിഞ്ഞ ചെളിയും മണ്ണും കാരണം ജലം ശേഖരിച്ചു വെച്ചിരുന്ന കയങ്ങൾ നികന്നു പോയത് ജലക്ഷാമത്തിനു കാരണമായി പറയുന്നു. ജലം സംഭരിക്കാൻ വേണ്ടി നിർമ്മിച്ച തടയണകൾ ചെളിയടിഞ്ഞ് ഉപയോഗശൂന്യമാകുന്നതും കാണാം. തടയണകളുടെ അശാസ്ത്രീയത പരിഹരിക്കാതെയും കയങ്ങൾ സംരക്ഷിക്കാതെയും ജലദൗർലഭ്യത്തിന് പരിഹാരം കാണാനാവില്ല എന്നാണ് ജനാഭിപ്രായം. ചുവന്നപ്ലാവ്, പടിഞ്ഞാറെ പാലം തടയണകൾ ചെളിയടിഞ്ഞ് നികന്നതും പന്നഗം തോട്ടിലെ ജലക്ഷാമത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറേ പാലവും ക്ഷയിച്ച അവസ്ഥയിലാണ്. പുതിയ പാലം വേണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

നിറയെ മാലിന്യം

കഴിഞ്ഞ പ്രളയത്തിൽ പാഴ്മരങ്ങളും മാലിന്യവും തോട്ടിൽ അടിഞ്ഞിരുന്നു. ഇതാകട്ടെ ഇതുവരെയും നീക്കിയിട്ടില്ല.