കോട്ടയം : നഗരസഭാ പരിധിയിൽ അപകട ഭീഷണിയുയർത്തി സ്ഥിതി ചെയ്യുന്നത് നിരവധി പാറക്കുളങ്ങൾ. ഉപയോഗശൂന്യമായ പാറക്കുളങ്ങൾ ഉപയോഗ ശേഷം മൂടണമെന്ന വ്യവസ്ഥ കാറ്റിൽ പറത്തിയാണ് ഇവ ജനജീവിതത്തിന് ഭീഷണിയാവുന്നത്. തിരുവനന്തപുരം സ്വദേശി അജികുമാറിന്റെ മരണത്തിനിടയാക്കിയ പാറക്കുളത്തിന് 60 അടിയോളം താഴ്ചയുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇതിന് സമീപത്തായി ദമ്പതികൾ കാറുമായി വീണെന്ന് സംശയിക്കുന്ന പാറക്കുളത്തിന് അറുപത് അടിയാണ് ആഴം. പാറക്കുളങ്ങൾ മൂടണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് മുമ്പ് നഗരസഭ നോട്ടീസ് അയക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ പ്രകാരമുള്ള ഉടമയുടേതല്ല സ്ഥലം എന്ന നിഗമനത്തിലാണെത്തിയത്. എന്നാൽ, നഗരസഭ നാട്ടുകാരുടെ ആവശ്യപ്രകാരം പിന്നീട് പാറക്കുളത്തിന് സംരക്ഷണ വേലി നിർമ്മിച്ചു. ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിലെ പാറക്കുളത്തിന് സമീപത്തെ വേലിയും സംരക്ഷണഭിത്തിയും അപകടത്തിൽ തകർന്നു. പഴയ ഫ്ലക്സ് ഉപയോഗിച്ച് പാറക്കുളത്തിന്റെ ഭാഗം മറച്ചിരിക്കുകയാണ്.