വൈക്കം: വൈക്കം നഗരസഭ പൊലീസ് ക്വാർട്ടേഴ്‌സ് റോഡിന്റെ വീതിക്കുറവിനു പരിഹാരമാകുന്നു. നഗരസഭ കാര്യാലയത്തിനു സമിപത്തു റോഡ് ആരംഭിക്കുന്ന ഭാഗം മുതൽ 180 ചതുരശ്ര അടി ദൂരം റോഡരികിലെ ഓട മൂടി റോഡിന്റ നടുവിലൂടെ ഓട തീർത്താണ് റോഡിനു വീതി കൂട്ടുന്നത്. റോഡിനു നടുവിൽ രണ്ടര അടി താഴ്ത്തിക്കുഴിച്ച് കോൺക്രീ​റ്റ് ചെയ്ത് ഓട തീർത്ത് മീതെ കോൺക്രീ​റ്റ് ചെയ്താണ് റോഡിന്റ വീതി വർദ്ധിപ്പിക്കുന്നത്. പെയ്ത്ത് വെള്ളം കായലിലെത്തി ചേരുന്നതിനായി കായലിലേക്ക് തുറക്കുന്ന ഓടയുമായി പുതിയതായി നിർമ്മിക്കുന്ന ഓട ബന്ധിപ്പിക്കും.രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാൻ കഴിയാത്ത റോഡിന്റെ ഇടുങ്ങിയ സ്ഥിതി പ്രദേശവാസികൾക്കാകെ ദുരിതമായതു കണക്കിലെടുത്താണ് വാർഡ് കൗൺസിലർ ബിന്ദു ഷാജി പദ്ധതി വിഭാവനം ചെയ്തത്. 10,80000 രൂപയാണ് പദ്ധതി നിർവഹണത്തിനായി അനുവദിച്ചത്. തുടർ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീ​റ്റ് റോഡിന് മീതെ ടൈൽ പാകി കമനീയമാക്കുന്നതിനും പദ്ധതി ആവിഷ്‌കരിക്കുമെന്ന് കൗൺസിലർ ബിന്ദു ഷാജി പറഞ്ഞു. റോഡിനു വീതി കൂടുന്നതോടെ നഗരത്തിൽ ഏ​റ്റവും തിരക്കനുഭപ്പെടുന്ന വൈക്കത്തഷ്ടമി ഉത്സവ കാലത്ത് ചെറുവാഹനങ്ങളെ ഇതുവഴി കടത്തിവിടാൻ കഴിയുന്നത് നഗരത്തിലെ തിരക്ക് ഒഴിവാക്കാനും സഹായകരമാകും.