
കോട്ടയം: കടുത്ത വേനലിൽ വെന്തുനീറി കാർഷിക മേഖല. വെള്ളത്തിന് ദൗർലഭ്യം നേരിടുന്നതിനൊപ്പം കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതും കർഷകന് തിരിച്ചടിയാകുന്നു. പുതുപ്പള്ളി, കറുകച്ചാൽ, മണിമല, മുണ്ടക്കയം, കോരുത്തോട്, മാമ്മൂട്, നെടുംകുന്നം, അയർക്കുന്നം, കൂരോപ്പട, അകലക്കുന്നം തുടങ്ങി ജില്ലയുടെ വിവിധ മേഖലകളിൽ കടുത്ത കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് കോട്ടയം ജില്ലയിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നതാണ് കാർഷിക മേഖലയിൽ ദുരിതമാകുന്നത്.
വരൾച്ച ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഏത്തവാഴ, പച്ചക്കറി, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, ഏലം, റബർ, കുരുമുളക് കർഷകരെയാണ്. ഏക്കറുകണക്കിന് കൃഷിയാണ് വെള്ളം ലഭിക്കാത്തുമൂലം കരിഞ്ഞുണങ്ങി പോയത്. വിഷുവിപണി ലക്ഷ്യമാക്കി കൃഷി ചെയ്തവരുടെ കുലച്ച വാഴകളും പച്ചക്കറിയും കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി വീഴുന്ന സ്ഥിതിയാണ്.
ശുദ്ധജല ക്ഷാമവും തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും ക്ഷീരമേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു. ചൂട് കൂടിയതോടെ പാൽ ഉത്പാദനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കർഷകർ പറഞ്ഞു. വരൾച്ചയെ തുടർന്ന് കർഷകരെ സഹായിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടിയെടുത്തിട്ടില്ലെന്ന് കേരള കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.