manal

മുണ്ടക്കയം : പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മണിമലയാറ്റിലും, പുല്ലകയാറിലും കുമിഞ്ഞുകൂടിയ മണലും, മാലിന്യങ്ങളും നീക്കം ചെയ്യുന്നത് വൈകുന്നു. കൈത്തോടുകളിലും പുഴകളിലും കുമിഞ്ഞുകൂടി കിടക്കുന്ന മണലും ഒപ്പം പ്രളയത്തിൽ ഒഴുകിയെത്തിയ മരങ്ങളുടെ അവശിഷ്ടം അടക്കം നീക്കം ചെയ്യാത്തത് വീണ്ടും ദുരന്തത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. മഴക്കാലം ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രളയ ബാധിത മേഖലയിലെ മണലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. കൂട്ടിക്കൽ മുതൽ പുല്ലകയാറിന്റെ മിക്ക ഭാഗങ്ങളിലും മണൽ മൂടിയ അവസ്ഥയിലാണ്. മണിമലയാറിന്റെ പലഭാഗങ്ങളിലും മണൽ നിറഞ്ഞ മരുഭൂമിയ്ക്ക് തുല്യമായ സാഹചര്യമാണ്.

കുടിവെള്ള പദ്ധതികളും താളംതെറ്റി

മണൽ വന്ന് മൂടിയതോടെ വേനൽക്കാലത്ത് പോലും ജലസമൃദ്ധമായിരുന്ന മണിമലയാറ്റിലെ കയങ്ങളും, കുഴികളുമെല്ലാം മണൽ മൂടിയതോടെ മണിമലയാറിനെ ആശ്രയിച്ചിരുന്ന പല കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനം താളംതെറ്റി. പ്രാദേശിക ആവശ്യങ്ങൾക്ക് വ്യക്തികൾ മണൽ എടുക്കുന്നത് തടയില്ലെന്ന് അറിയിച്ചെങ്കിലും ഇതും അധികാരകേന്ദ്രങ്ങൾ തടയുന്നതായി പരാതി ഉയരുന്നുണ്ട്. കുമിഞ്ഞുകൂടി കിടക്കുന്ന മണൽ പ്രളയ ബാധിത മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും ഇതും നടപ്പാക്കുന്നില്ല.

പുഴകളിലെ മണൽ നീക്കുന്നതിനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. മണൽ നീക്കുന്നതിന് നിയമതടസമുള്ളതിനാലാണ് കാലതാമസം നേരിടുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ എത്രയും വേഗം പുഴകളുടെ ശുചീകരണം പൂർത്തിയാക്കും

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ