മുണ്ടക്കയം : മണിമലയാറ്റിൽ മുണ്ടക്കയം ടൗണിന് സമീപം കോസ് വേ പാലത്തിനും ചെക്ക് ഡാമിനും ഇടയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. നഞ്ച് കലക്കിയുള്ള മീൻ പിടിത്തമാണെന്ന് ആദ്യം പറഞ്ഞ് കേട്ടെങ്കിലും അധികൃതർ ഇത് സ്ഥിരീകരിക്കുന്നില്ല. ഒഴുക്കില്ലാത്ത കെട്ടിക്കിടക്കുന്ന പ്രദേശത്തെ വെള്ളത്തിൽ നഞ്ചു കലക്കിയാൽ ഇത്രയും ഭാഗത്ത് മീനുകൾ കൂട്ടത്തോടെ ചാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. രൂക്ഷമായ ദുർഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. ടൗണിലെ ഉൾപ്പെടെയുള്ള മലിനജലം മണിമാലയാറ്റിലേക്കാണ് എത്തുന്നത്. ഇതും മീനുകൾ ചാകാനിടയാക്കുന്നതെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. വെള്ളം പരിശോധനയ്ക്ക് അയക്കാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.