കോട്ടയം: ലോകസമാധാനത്തിനുള്ള ഒറ്റമൂലിയാണ് ഗുരുദർശനമെന്ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി പറഞ്ഞു. കാലാതീതമായ ഗുരുദർശനത്തിന്റെ പഠനവും പ്രചരണവും സമൂഹം ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യത നാം തിരിച്ചറിയണമെന്നും സ്വാമി ചൂണ്ടിക്കാട്ടി. ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് ഗുരുദേവ കൃതി 'പിണ്ഡനന്ദി ' യുടെ പഠന ക്ലാസ് നടന്നു. ശിവഗിരി മഠം ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷ സമ്മേളനം സഭ കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം പി.ആർ.ഒ ആയി നിയമിതനായ ഇ.എം.സോമനാഥനെ പൊന്നാട അണിയിച്ച് ആദരിച്ചു. വാകത്താനം ശാഖാ പ്രസിഡന്റ് വി.ആർ. പ്രസന്നൻ ,സഭാ മണ്ഡലം സെക്രട്ടറി പി.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷ സമ്മേളനം കേന്ദ്ര ഉപദേശക സമിതിയംഗം ആർ. സലിംകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം അദ്ധ്യക്ഷനായി. മാതൃസഭ കേന്ദ്ര ഉപാദ്ധ്യക്ഷ സോഫീ വാസുദേവൻ ഗുരുവിന്റെ 'അഷ്ടാംഗ ദർശനം ' അടിസ്ഥാനമാക്കി പഠന ക്ലാസ് നയിച്ചു. സഭ കേന്ദ്ര സമിതി അംഗം ഷിബു മൂലേടം, മണ്ഡലം പ്രസിഡന്റ് വി.പി.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.