പാലാ : കളഞ്ഞുകിട്ടിയ സ്വർണം രാമപുരം പൊലീസിനെ ഏല്പിച്ച് തോബിയാസും, റോണും രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ അഭിമാനമാതൃകകളായി. സ്‌കൂൾ അസംബ്ലിയിൽ ഇരുവരെയും അനുമോദിച്ചു. സ്‌കൂൾ വാർഷികാഘോഷം കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് പോകവേ കൺമുന്നിൽ കണ്ട സുവർണ്ണത്തിളക്കത്തിൽ എട്ടാം ക്ലാസുകാരായ തോബിയാസ് തോമസിന്റെയും, റോൺ സനിലിന്റെയും കണ്ണ് മഞ്ഞളിച്ചില്ല. ഒട്ടും താമസിക്കാതെ രാമപുരം സ്റ്റേഷനിൽ ഏല്പിച്ചു. രാമപുരം മൂഴയിൽ തോമസ് കുര്യന്റെയും രാജിയുടെയും മകനാണ് തോബിയാസ് തോമസ്. വെള്ളിലാപ്പിള്ളി പായിക്കാട് സനിൽ ജോസിന്റെയും ആൽബിയുടെയും മകനാണ് റോൺ. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഇരുവർക്കും ഇന്നലെ സ്‌കൂൾ അസംബ്ലിയിൽ സ്‌നേഹസമ്മാനം നൽകി. സ്‌കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സാബു ജോർജ്ജ്, സീനിയർ അസിസ്റ്റന്റ് സാബു തോമസ്, റവ. ഫാ. ബോബി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു. കുട്ടികളുടെ സത്യസന്ധതയെ രാമപുരം പോലീസും അഭിനന്ദിച്ചു. ഉടമസ്ഥർ അടയാളസഹിതം രാമപുരം സ്റ്റേഷനിൽ സമീപിച്ചാൽ ആഭരണങ്ങൾ എടുത്ത് നൽകിയ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥന് തിരികെ കൊടുക്കുമെന്ന് രാമപുരം എസ്.ഐ പി.എസ്. അരുൺകുമാർ പറഞ്ഞു. എസ്.ഐയുടെ ഫോൺ: 9497980342.