കോട്ടയം: സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ , ലീഗൽ മെട്രോളജി വകുപ്പുകളുടെ അഞ്ച് പ്രധാന പദ്ധതികൾക്ക് ജില്ലയിൽ തുടക്കം. ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച് പദ്ധതികളുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. റേഷൻകടകളിൽ പരിശോധയ്ക്കുള്ള എഫ്.പി.എസ് മൊബൈൽ ആപ്ലിക്കേഷൻ, പൊതുവിതരണ വകുപ്പിൽ സമ്പൂർണ ഇഓഫീസ്, ഭക്ഷ്യധാന്യ വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം, അര ലക്ഷം കടകളിൽ അളവുതൂക്ക, വിലവിവര പട്ടിക, ബില്ലിംഗ് സംവിധാനങ്ങളുടെ പരിശോധനാ പരിപാടി ജാഗ്രത, ആയിരം പെട്രോൾ, ഡീസൽ ബങ്കുകളിൽ കൃത്യമായ അളവ് ഉറപ്പുവരുത്തുന്ന ക്ഷമത എന്നിവയാണ് പദ്ധതികൾ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം. മാത്യു, ശഭേഷ് സുധാകർ, എ.ഡി.എം ജിനു പുന്നൂസ്, സി.ഡി.ആർ.സി പ്രസിഡന്റ് അഡ്വ. വി.എസ് മണിലാൽ, ജില്ലാ സപ്ലൈ ഓഫീസർ ജലജാ ജി.എസ് റാണി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ.പി അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഓപ്പറേഷൻ ജാഗ്രത, ഓപ്പറേഷൻ ക്ഷമത എന്നീ പദ്ധതികൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കളക്ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ നിർവഹിച്ചു.