വൈക്കം : അപകടം ഒഴിവാക്കുന്നതിനായി വൈക്കം താലൂക്കാശുപത്രിയുടെ മുൻവശത്ത് കോൺവെക്സ് മിറർ സ്ഥാപിച്ചു. ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ പ്രധാന കവാടത്തിൽ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങുന്നത് ഏറെ അപകട സാദ്ധ്യത ഉളവാക്കിയിരുന്നു. ആശുപത്രിക്കകത്തേക്കും പുറത്തേക്കും വാഹനങ്ങൾ പോകുമ്പോൾ മറുവശത്തു നിന്നും വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെടാത്ത സാഹചര്യമായിരുന്നു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇതു മൂലം കടന്നുപോകുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ആശ്രയ ചെയർമാൻ ഇടവട്ടം ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് താലൂക്ക് ആശുപത്രി ആർ.എം. ഒ ഡോ.എസ്.കെ.ഷീബ മിററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശ്രയ കൺവീനർ ബി.ചന്ദ്രശേഖരൻ, വി.അനൂപ്, പ്രീത രാജേഷ്, പി.വി.ഷാജി, വർഗ്ഗീസ് പുത്തൻചിറ , ടി.സി. ദേവദാസ് ,സന്തോഷ് ചക്കനാടൻ, വൈക്കം ജയൻ, രാജശ്രീ വേണുഗോപാൽ, പി.ഡി.ബിജിമോൾ , എം.കെ. മഹേശൻ , ലീല ശശി എന്നിവർ പങ്കെടുത്തു.