
വൈക്കം : സൗഹൃദത്തിന്റെ ആർദ്രതയില്ല. വേർപിരിയലിന്റെ ഗദ്ഗദമില്ല. സമൂഹമാദ്ധ്യമങ്ങൾ ജീവിതത്തിന്റെ ഗതിവിഗതികൾ തീരുമാനിക്കുന്ന ഇന്ന് മാർച്ച് മാസത്തിന് വിരഹത്തിന്റെ വേദനയില്ല. പകരം സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘട്ടനങ്ങളിൽ സംഘർഷഭരിതമാവുകയാണ്. അതും പ്രണയത്തിന്റെ പേരിൽ. മൊബൈലും ഇന്റർനെറ്റും ഒന്നുമില്ലാതിരുന്ന കാലത്ത് മാർച്ച് അക്ഷരാർത്ഥത്തിൽ വിരഹത്തിന്റേതായിരുന്നു. ചെറിയ ക്ലാസിൽ തുടങ്ങി പത്ത് വരെ നീളുന്ന സൗഹൃദങ്ങൾ, കൗമാര കൗതുകങ്ങളായ കൊച്ചു കൊച്ചു പ്രണയങ്ങൾ, എല്ലാം മാർച്ച് കൊണ്ടവസാനിക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ സ്ഥിതിയെല്ലാം മാറി. സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാകുകയാണ്.
കഴിഞ്ഞ ദിവസം കായലോര ബീച്ചിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഡിവൈ.എസ്.പി ഓഫീസിന് മുന്നിലായിരുന്നു ഏറ്റുമുട്ടൽ. കൂട്ടത്തിൽ പെൺകുട്ടികളുമുണ്ടായിരുന്നു. കച്ചേരിക്കവലയിലെ ബസ് സ്റ്റോപ്പിന് മുന്നിലും സമീപത്തെ ഇടവഴിയിലും കുട്ടികൾ തമ്മിലുള്ള സംഘട്ടനങ്ങൾ പതിവാണ്. പുറത്ത് നിന്നുള്ളവരും ഇതിന്റെ ഭാഗമാകാറുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും കുട്ടികൾക്കിടയിൽ കൂടുന്നതായി പറയുന്നു.
പടിഞ്ഞാറേ നട ബസ് സ്റ്റോപ്പിന് സമീപം പൊലീസ് സ്റ്റേഷന്റെ മതിലിനോട് ചേർന്നുള്ള ഇടവഴി വിദ്യാർത്ഥികളായ കമിതാക്കളുടെ വിഹാര കേന്ദ്രമാണ്. മുതിർന്ന യുവാക്കളെയും ഇവിടെ കാണാറുണ്ട്. കയലോര ബീച്ച് കൂടാതെ ടി.വി പുരം - വൈക്കം റോഡിന് സമാന്തരമായി ചില കായലോര സ്ഥലങ്ങളിലും കാലാക്കൽ റോഡ് അടക്കമുള്ള ഇടവഴികളിലും വിദ്യാർത്ഥികൾ കൂട്ടംകൂടിയും കമിതാക്കളുമായി എത്താറുണ്ട്. കുട്ടികൾക്കിടയിലുള്ള സംഘട്ടനങ്ങളും മറ്റ് അനാരോഗ്യ പ്രവണതകളും നിയന്ത്രിക്കാൻ പൊലീസ് ജാഗ്രത കാട്ടണമെന്ന് വിവിധ സ്കൂൾ അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടു.