
കോട്ടയം : കൊടും ചൂടിൽ ദാഹജലത്തിനായി ജനം പരക്കം പായുമ്പോൾ മുതലെടുത്ത് കുടിവെള്ള വിതരണ ലോബി. ഗ്രാമ പ്രദേശങ്ങളിൽ 3000 ലിറ്റർ ജാറിൽ വിതരണം ചെയ്യുന്ന വെള്ളത്തിന് 1000 മുതൽ 1200 വരെയാണ് വിതരണക്കാർ വാങ്ങുന്നത്. ഇതിന്റെ ഗുണനിലവാരം പോലും പരിശോധിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. പൈപ്പുകളിൽക്കൂടി വെള്ളമെത്താത്ത മേഖലകളിലാണ് കുടിവെള്ള മാഫിയ പിടിമുറുക്കിയത്.
ശുദ്ധജലമെന്ന പേരിൽ വിതരണം ചെയ്യുന്നത് തോടുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ നിന്നെടുക്കുന്ന ജലമാണെന്ന ആക്ഷേപമുയരുന്നുണ്ട്. വേനലായതോടെ തോടുകളും കുളങ്ങളും ആറുകളും നീരുറവകളും സംരക്ഷണമില്ലാതായതോടെ ജലം മലിനമയമാണ്. കോളിഫോം ബാക്ടീരിയയുടെ അളവും കൂടിയിട്ടുണ്ട്. ഈ വെള്ളം കുടിക്കുന്നത് സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് ഇടയാക്കുമോ എന്നതാണ് ആശങ്ക. വാഹനങ്ങളിലും അല്ലാതെയും ഘടിപ്പിച്ച ശക്തി കൂടിയ മോട്ടോർ സ്ഥാപിച്ചാണ് ജലമൂറ്റൽ. രാത്രികാലങ്ങളിലാണ് ഇത് കൂടുതൽ. പാറമടകളിൽനിന്ന് ജലം സംഭരിച്ച് കച്ചവടത്തിനെത്തിക്കുന്ന സംഘങ്ങളുമുണ്ട്. ചിലയിടത്ത് സ്വകാര്യ വസ്തുവിൽ കിണർ കുഴിച്ച് വെള്ളംശേഖരിച്ച് ടാങ്കറുകളിൽ കച്ചവടത്തിനെത്തിക്കുന്നുണ്ട്.
നോക്കുകുത്തിയായി കുടിവെള്ള പദ്ധതികൾ
പലയിടത്തും കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞെ. നേരത്തെ തുടങ്ങിയ പദ്ധതികൾ പലതും പ്രവർത്തിക്കുന്നില്ല. ചിലയിടത്ത് ടാങ്കുകൾ തന്നെ തകർന്നുപോയി. തദ്ദേശസ്ഥാപനങ്ങൾ പലതും ഇതുവരെ ജലവിതരണം തുടങ്ങിയിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ പോലും ഭീമമായ പണം കൊടുത്താണ് വെള്ളം വാങ്ങുന്നത്. വേനൽക്കാലത്തിന് മുന്നോടിയായി പതിവ് പോലെ അവലോകനയോഗങ്ങൾ ചേരാറുണ്ടെങ്കിലും കുടിവെള്ളം മാത്രം കിട്ടാക്കനിയാകുകയാണ്.
മാനദണ്ഡം കാറ്റിൽപ്പറത്തി
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാനുകൾ, ഓട്ടോറിക്ഷകൾ, മിനി ലോറികൾ വരെ നിരത്തുകളിലുണ്ട്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ കുടിവെള്ള വിതരണം നടത്താൻ കഴിയൂ. എന്നാൽ ഇതൊന്നും പാലിക്കുന്നില്ല. വർഷങ്ങളായി ഉപയോഗശൂന്യമായ ജലാശയങ്ങളിൽ നിന്ന് വരെ വെള്ളം എടുക്കുന്നുണ്ട്.
ജലാശയങ്ങളിൽ മാലിന്യം
തോടുകളും പൊതു കുളങ്ങങ്ങളും വറ്റി വരണ്ട സാഹചര്യത്തിൽ ഇതിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
''ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. കുടിവെള്ള വിതരണക്കാർ വിതരണത്തിന് എത്തിക്കുന്ന ജലത്തിന്റെ നിലവാരം പരിശോധിച്ച് രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം.
സതീഷ്, മണർകാട്