
കോട്ടയം : പ്രകൃതിയുടെ മൂല്യം സമൂഹത്തിന് മുൻപിൽ തുറന്നുകാണിക്കുന്ന പ്രമോദ് കൂരമ്പാലയുടെ മണ്ണ് ചിത്ര പ്രദർശനം കാഴ്ചക്കാരുടെ മനംകവരുന്നു. സൂര്യനും ഭൂമിയും അതിൽ ഉൾപ്പെടുന്ന ജലവും വായുവും കഴിഞ്ഞാൽ മണ്ണും കർഷകനുമാണ് ലോകത്തിന്റെ ഊർജ്ജമെന്ന ആശയത്തെ പുതുതലമുറയ്ക്ക് ചിത്രങ്ങളിലൂടെ വരച്ചു കാട്ടുകയാണ് ചിത്രകാരൻ. കേരള ലളിതകലാ അക്കാഡമിയുടെ കോട്ടയം ഗാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ 48 ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. അക്രലിക്, വാട്ടർ കളർ, മിക്‌സഡ് മീഡിയ വർക്ക് എന്നിവ ഉപയോഗിച്ചുള്ളവയാണ് ചിത്രങ്ങൾ. പ്രമോദിന്റെ എഴാമത്തെ ഏകാംഗ പ്രദർശനമാണിത്. മാവേലിക്കര ഗവ. രാജാരവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ നിന്ന് നാഷണൽ ഡിപ്ലോമ ഇൻ പെയിന്റിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. 1996ൽ ഊട്ടിയിലെ ഫേൺ ഹില്ലിൽ ഗുരു നിത്യചൈതന്യയതിയ്ക്കു വേണ്ടി ഗുരുവിന്റെ ചിത്രശാലയിൽ 12 അടി നീളം 9 അടി വീതിയിൽ ലോകത്തിന് ഒരു ഓർമ്മക്കുറിപ്പ് എന്ന പേരിൽ വരച്ച ചിത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരള ലളിതകലാ അക്കാഡമിയുടെ കേരളത്തിന് അകത്തും പുറത്തുമായുള്ള നിരവധി ചിത്രരചന ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ : സുഗതാ പ്രമോദ് (കവിയത്രി), മകൻ : ഋഷികണ്വൻ.
മണ്ണിനെ വാണിജ്യവത്ക്കരിച്ചുകൊണ്ടിരിക്കുന്ന ലോകത്താണ് ആധുനിക യുഗം ജീവിക്കുന്നത്. മനുഷ്യനെ സംബന്ധിച്ച് മണ്ണില്ലാതെ ജീവിക്കാൻ കഴിയില്ല. എല്ലാത്തിന്റെയും അടിസ്ഥാനം മണ്ണാണ്. കർഷകൻ നിലനിൽക്കുന്ന മണ്ണിന് പ്രാണനുണ്ടെന്ന തിരിച്ചറിവില്ലാത്തതാണ് ആധുനിക മനുഷ്യന്റെ പരാജയം.
പ്രമോദ് കൂരമ്പാല