മുണ്ടക്കയം : വേനൽച്ചൂട് കനത്തതോടെ റബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തീപിടിത്ത സാദ്ധ്യതയേറുന്നു. തോട്ടങ്ങളോടും വനമേഖലയോടും ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് തീപടരാൻ സാദ്ധ്യത കൂടുതലുള്ളത്. കഴിഞ്ഞ ആഴ്ചകളിലായി കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലായി പത്തോളം തീപിടിത്തങ്ങളാണ് ഉണ്ടായത്. ഒരു പരിധിവരെ മുൻകരുതലുകൾ സ്വീകരിച്ചാൽ തീയിൽ നിന്ന് രക്ഷനേടാം. അലക്ഷ്യമായി മാലിന്യങ്ങൾ കത്തിക്കുന്നതും സിഗരറ്റ് കുറ്റികളും തീപ്പെട്ടി കൊള്ളികൾ വലിച്ചെറിയുന്നതും പലപ്പോഴും തീപിടിത്തമുണ്ടാക്കും. കാറ്റുള്ളതും ഉണങ്ങി നിൽക്കുന്ന പുല്ലുകളുമുള്ള ഇടങ്ങളിലാണ് പടരാൻ കൂടുതൽ സാദ്ധ്യതയുള്ളത്. മനപപ്പൂർവം അപകടങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധരുമുണ്ട്.
ശ്രദ്ധിച്ചാൽ തടയാം
കാടുകയറികിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക
ചവർ കത്തിക്കുന്നതിന് മുമ്പ് വെള്ളം സമീപത്ത് കരുതണം
തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കണം
വലിയ മാലിന്യ കൂമ്പാരങ്ങൾ ഒന്നിച്ച് കത്തിക്കരുത്
പെട്രോൾ പോലുള്ളവ വീടിന് സമീപം സൂക്ഷിക്കരുത്
വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കണം
വാഹനങ്ങൾ വെയിലത്ത് നിറുത്തിയിടുന്നത് ഒഴിവാക്കണം
ഫയർഫോഴ്സിന് വെല്ലുവിളി
ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ഫയർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നതും വെല്ലുവിളിയാണ്. ഫയർഫോഴ്സ് വാഹനങ്ങൾ എത്തിച്ചെല്ലാൻ സാധിക്കാത്ത പ്രദേശങ്ങൾ, പാടശേഖരങ്ങളിൽ ആൾപൊക്കത്തിൽ ഉണങ്ങിനിൽക്കുന്ന വലിയ കാടുകൾക്ക് തീപിടിച്ചാൽ, ഒരേസമയം വിവിധ സ്ഥലങ്ങളിലെ തീപിടിത്തം എന്നിവയും ഫയർഫോഴ്സിനെ കുഴയ്ക്കുകയാണ്.