colle

കോട്ടയം : ജില്ലാ ഭരണസിരാകേന്ദ്രം സ്മാർട്ടാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും പരിസരവും കൂടുതൽ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റി ഐ.എസ്.ഒ അംഗീകാരം നേടുകയാണ് ലക്ഷ്യം. എല്ലാ ഓഫീസുകൾക്കും നമ്പർ നൽകും. ബോർഡുകളും ഒരേ മാതൃകയിലുള്ളതാക്കും. ഓരോ നിലകളിലുമുള്ള ഓഫീസുകളുടെ പുതുക്കിയ പട്ടിക അതത് നിലകളിലും കളക്ടറേറ്റ് പൂമുഖത്തും ഭിത്തിയിൽ രേഖപ്പെടുത്തും. ഇതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെ നേത്വത്തിൽ ആരംഭിച്ചു. ഇൻഫർമേഷൻ കൗണ്ടറുകളും മെച്ചപ്പെടുത്തും. ഓഫീസുകൾക്കകത്തും പുറത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഫർണിച്ചറുകളും മറ്റും നീക്കം ചെയ്യും. വരാന്തകൾ സഞ്ചാരസുഗമമാക്കുന്ന തരത്തിലാക്കും. സന്ദർശകർക്കായി ഓഫീസുകൾക്ക് മുന്നിൽ ഇട്ടിരിക്കുന്ന കേടുപാടുകളുള്ള ഇരിപ്പിടങ്ങൾ നീക്കം ചെയ്യും. സന്ദർശകർക്ക് ഇരിക്കുന്നതിനായി ഒരുക്കുന്ന ഇടങ്ങളിൽ പ്രത്യേക ബോർഡ് പ്രദർശിപ്പിക്കും. ഓഫീസുകളിലെ ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളും കടലാസുകളും എല്ലാ മാസവും നീക്കം ചെയ്ത് ക്ലീൻ കേരള കമ്പിനിയ്ക്ക് കൈമാറും.