പനമറ്റം: 15 പേരെ പേപ്പട്ടി കടിക്കുകയും നിരവധി തെരുവുനായകൾക്ക് കടിയേറ്റതായി സംശയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എലിക്കുളം പഞ്ചായത്തിലെ പനമറ്റത്ത് തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടച്ചു. പാലായിൽ നിന്നുള്ള എ.ബി.സി.(ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയിലെ ആൾക്കാരാണ് നായ്ക്കളെ പിടിച്ചത്. പനമറ്റം അമ്പലം കവലയിലും സ്‌കൂൾ പരിസരത്തും നിന്നുമായി നായകളെ പിടികൂടി കൂട്ടിലടച്ചു. മുഴുവൻ നായ്ക്കളെയും പിടിക്കാനായിട്ടില്ല. ഇവയെ പാലായിൽ എ.ബി.സി കേന്ദ്രത്തിലെത്തിച്ച് കൂട്ടിലടച്ച് നിരീക്ഷിക്കും. ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകിയാണ് സംരക്ഷണം. പേവിഷബാധയേറ്റ നായ്ക്കൾ പത്തുദിവസത്തിനുള്ളിൽ ചാകും. മറ്റുള്ളവയെ വന്ധ്യംകരണം നടത്തുകയും പേവിഷ പ്രതിരോധ കുത്തിവെയ്പ് നൽകുകയും ചെയ്യും. നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ തിരികെ വിടണമെന്നാണ് നിലവിലുള്ള നിയമം. ഇവിടെ തിരികെ വിടാതെ സംരക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഞ്ചായത്ത് അന്വേഷിക്കുന്നുണ്ട്.