വൈദ്യുതി തടസത്തിൽ വലഞ്ഞ് വ്യാപാരികൾ
പാലാ: ഒരു മഴയോ കാറ്റോ ഒന്നുമില്ല; പക്ഷേ കറന്റ് പലപ്പോഴുമില്ല. എപ്പോൾ ചോദിച്ചാലും ലൈനിൽ പണി. ഉപഭോക്താക്കൾ ഈ മറുപടി കേട്ടു മടുത്തു.
പാലായിലെയും രാമപുരത്തേയും വൈദ്യുതി തടസത്തിൽ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പരാതിക്ക് യാതൊരു പരിഹാരവും ഇല്ല
തടസം പരിഹരിക്കുമെന്ന് ഉറപ്പുനൽകി തൊട്ടടുത്ത നിമിഷം വീണ്ടും മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു; ആര് ആരോട് പറയാൻ?
പാലാ, രാമപുരം നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ യൂത്ത് വിങ് നൽകിയ പരാതിയിൽ വൈദ്യുതിതടസം പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ആ ഉറപ്പ് മണിക്കൂറുകൾക്കുള്ളിൽ പാഴ് വാക്കായി മാറി. മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം വൈദ്യുതി തടസം നേരിടുന്നത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിരന്തരം ഉണ്ടാകുന്ന വൈദ്യുതിതടസം മൂലം നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ് പാലാ നഗരത്തിലെ വ്യാപാരികൾ.
നിവേദനം നൽകി
നഗരത്തിൽ പവർ ഫെയിലിയർ റെക്കോർഡിഗ് മീറ്റർ സ്ഥാപിച്ച് ഓരോ മാസവും എത്ര സമയം വൈദ്യുതി വിതരണം തടസ്സപ്പെട്ടു എന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതിന് വൈദ്യുതി ബോർഡ് തയാറാകണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്കും, റെഗുലേറ്ററി കമ്മീഷനും, പാലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കും യൂത്ത്‌വിങ് നിവേദനം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ യൂത്ത് വിങ് പ്രസിഡന്റ് ആന്റണി അഗസ്റ്റിൻ കുറ്റിയാങ്കൽ, ജോൺ മൈക്കിൾ ദർശന, എബിസൺ ജോസഫ്, ഏകോപന സമിതി ജനറൽ സെക്രട്ടറി വി.സി ജോസഫ്, അനൂപ് ജോർഗോസ്, സോണിറ്റ് ഫുട്‌ലോക്ക്, ജോഫ് വെള്ളിയേപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.