എരുമേലി : സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാനായി എരുമേലിയിൽ ഗവ.റസ്റ്റ് ഹൗസിനോട് ചേർന്നുള്ള സ്ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീയുടെ നിർദ്ദേശത്തെത്തുടർന്ന് പ്രാരംഭ നടപടികൾ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് സർവേയർ രാജേഷിന്റെ നേതൃത്വത്തിൽ സ്ഥലം അളന്ന് നിർണയിച്ചു. 25 സെന്റാണ് അളന്ന് തിട്ടപ്പെടുത്തിയത്. ഇതിൽ പത്ത് സെന്റ് സ്ഥലം വില്ലേജ് ഓഫീസിനും ബാക്കി സ്ഥലം റവന്യു കൺട്രോൾ റൂം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കുമായി ഏറ്റെടുക്കും. സ്ഥലം അളന്ന് തയാറാക്കിയ സ്കെച്ചും റിപ്പോർട്ടും ജില്ലാ കളക്ടർക്ക് കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യൻ കൈമാറി. ഈ റിപ്പോർട്ട് പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് വിജ്ഞാപനമായി പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക. റസ്റ്റ് ഹൗസ് ഉൾപ്പെടെ ഒരേക്കർ സ്ഥലമാണുള്ളത്.
ശബരിമല തീർത്ഥാടന ഏകോപനം
എല്ലാ വർഷവും ശബരിമല തീർത്ഥാടനകാലമായ രണ്ടര മാസം വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് റവന്യൂ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നിലവിൽ ദേവസ്വം ബോർഡിന്റെ കെട്ടിടത്തിലാണ് കൺട്രോൾ റൂം പ്രവർത്തിച്ചിരുന്നത്. ചെറുവള്ളി എസ്റ്റേറ്റിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന നിർദ്ദിഷ്ട വിമാനത്താവള പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ റവന്യു വകുപ്പിന്റെ സ്പെഷൽ ഓഫീസ് തുറക്കേണ്ടി വരുമെന്നതിനാൽ കൺട്രോൾ റൂം കെട്ടിടം ഇതിനായും ഉപയോഗിക്കാനാകും. ഇനിയും പട്ടയം ലഭിച്ചിട്ടില്ലാത്ത മേഖലയിലെ പ്രദേശങ്ങൾക്ക് വേണ്ടിയും റവന്യു വകുപ്പിന്റെ സേവനം കൺട്രോൾ റൂം കെട്ടിടത്തിൽ സജ്ജീകരിക്കാനാകും.
കാത്തിരിപ്പ് യാഥാർത്ഥ്യത്തിലേക്ക്
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകളാക്കാൻ സർക്കാർ നടപടികളായിട്ടും ജില്ലയിൽ സ്മാർട്ട് ഓഫീസ് ആക്കാൻ കഴിയാതെ അവശേഷിക്കുന്ന ഓഫീസുകളിൽ ഒന്നാണ് എരുമേലിയിലെ തെക്ക് വില്ലേജ് ഓഫീസ്. കെട്ടിടം നിർമ്മിക്കാൻ നേരത്തെ ഫണ്ടും അനുവദിച്ചിരുന്നു. എന്നാൽ അനുയോജ്യമായ സ്ഥലം കിട്ടിയിരുന്നില്ല. പഴക്കം ചെന്ന മരങ്ങൾ മുറിച്ചു നീക്കിയാൽ സ്ഥല വിസ്തൃതി വർദ്ധിപ്പിച്ച് കൂടുതൽ സൗകര്യങ്ങളുള്ള നിലയിൽ കെട്ടിടം നിർമ്മിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
കെട്ടിട നിർമാണത്തിന് 44 ലക്ഷം