വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട് ആരംഭിച്ചു. വിഷു ദിനമായ ഏപ്രിൽ 15 വരെ ദിവസവും രാത്രി 9 നാണ് തീയാട്ട് നടക്കുക. തീയാട്ട് ചടങ്ങിനായി ക്ഷേത്രത്തിന് മുൻ വശം പ്രത്യേകം തയ്യറാക്കുന്ന വേദിയിൽ രാവിലെ തുടങ്ങുന്ന കളമെഴുത്ത് ഉച്ചപൂജയ്ക്ക് മുൻപായി തീരും. തലയാഴം തെക്കേടത്ത് ശശിധര ശർമ്മയാണ് ആചാര്യൻ. പഞ്ചവർണ്ണപ്പൊടികൾ കൊണ്ട് കണ്ണകിയുടെ രൂപമാണ് ക്ഷേത്രനടയിൽ ഒരുക്കുന്നത്. രണ്ടു കൈകളുള്ള ദേവിയുടെ കളത്തിൽ നടത്തുന്ന വച്ചൊരുക്കും കളംപൂജയും തിരിയുഴിച്ചിലും പ്രധാന ചടങ്ങാണ്.
ആചാരപ്രകാരം പറ കൊട്ടി വീക്കൻ, ചേങ്കില, ഇലത്താളം എന്നീ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശേഷാൽ പൂജാദി ചടങ്ങുകൾക്ക് ശേഷം ദേവിയുടെ ചരിതം നടയിൽ നിന്ന് അവതരിപ്പിക്കുന്ന ചടങ്ങാണ് തീയാട്ട്. ഇന്ന് രാവിലെ 8 ന് പാരായണം, വൈകിട്ട് 5ന് താലപ്പൊലി വരവ്, 7.30 ന് സംഗീത സദസ്സ്.