വൈക്കം : പരുത്തുമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീനം മൂന്ന് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി. ശ്രീനാരായണ ബാലമുരുക സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ പാൽ കാവടി ചാലപ്പറമ്പ് ശ്രീനാരായണ ഗുരുമന്ദിരത്തിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. വൈകിട്ട് ശ്രീനാരായണ ബാലസുബ്രഹ്മണ്യ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഭസ്മ കാവടി അമ്പലത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. തന്ത്റി നീണ്ടൂർ മന നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി എം.കെ.പ്രദീപ് എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് കെ.ചന്ദ്രഹാസൻ, വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഡി.അനിൽകുമാർ, ജോയിന്റ് സെക്രട്ടറി എൻ.ബാബുരാജ് എന്നിവർ നേതൃത്വം നൽകി.