കോട്ടയം : സ്വർണ മാല വിദഗ്ദ്ധമായി മോഷ്ടിക്കുന്ന സ്ത്രീകളുടെ ഫോട്ടോ അടങ്ങുന്ന മുന്നറിയിപ്പ് ഫ്ളക്സുമായി തിരുനക്കര ക്ഷേത്രമൈതാനിയിൽ

പൊലീസ്. ഉത്സവ തിരക്കിൽ ക്ഷേത്രനഗരി മുങ്ങിയതോടെയാണ് 47 വനിതാമോഷ്ടാക്കളുടെ ചിത്രം പൊലീസ് പുറത്തുവിട്ടത്. സാധാരണ കൊടിയേറ്റ് ദിവസം തന്നെ തിരക്കിനിടയിൽ സ്വർണ മാല മോഷണം നടക്കാറുള്ളതാണ്. ഫ്ലക്സ് സ്ഥാപിച്ചതോടെ തങ്ങളെ തിരിച്ചറിയുമെന്നതിനാൽ മോഷ്ടാക്കൾ മാറി നിന്നെന്നാണ് പൊലീസ് പറയുന്നത്. അക്രമികളെയും സാമൂഹ്യവിരുദ്ധരെയും നിയന്ത്രിക്കാൻ സി.സി ടി.വി അടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. കലാപരിപാടി നടക്കുന്ന മൈതാനത്ത് പൊലീസ് എയ്ഡ് പോസ്റ്റുമുണ്ട്. മറ്റു സ്ഥലങ്ങളിൽ ഗാനമേളകളിൽ ബഹളംവച്ച് തുള്ളുന്നത് പോലെ ഇവിടെ പൊലീസ് അനുവദിക്കുന്നില്ല. പകൽപ്പൂരം നടക്കുന്ന 23 ന് ക്രമസമാധാന പാലനത്തിന് 450 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. മൂന്നു ദിവസമായി തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നടന്നുവന്ന കഥകളി മഹോത്സവത്തിന് ഇന്ന് തിരശീല താഴും. മാലി രചിച്ച കർണ ശപഥമായിരുന്നു ഇന്നലത്തെ കഥകളി. ഇന്ന് രാത്രി 10 ന് കിരാതം കഥകളി. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ കളി വിളക്ക് തെളിക്കും. നാളെ അഞ്ചാം ഉത്സവത്തോടെ വൈകിട്ട് ഏഴ് ആനകൾ അണിനിരക്കുന്ന കാഴ്ച ശ്രീബലി അരങ്ങേറും. ഇനി അഞ്ചു ദിവസം തിരുനക്കരയിൽ കാണികളെ കാത്തിരിക്കുന്നത് ചലച്ചിത്ര താരങ്ങളും പിന്നണി ഗായകരും പങ്കെടുക്കുന്ന നൃത്തനൃത്ത്യങ്ങളും ഗാനമേളകളുമാണ്.