പാലാ : പാലാ സമാന്തര റോഡിന്റെയും ആശുപത്രി കവല പുത്തൻപള്ളിക്കുന്ന് റോഡിന്റെയും സ്ഥലം ഏറ്റെടുക്കുകയും ഉടൻ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുകയും വേണമെന്ന് മീനച്ചിൽ താലൂക്ക് വികസനസമിതി യോഗം. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലാണ് ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചത്. കൊവിസ് മൂലം കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടന്ന വികസനസമിതി യോഗമാണ് വീണ്ടും ചേർന്നത്. സമാന്തര റോഡിന്റെ ഏറ്റെടുത്ത ഭൂമിയിൽ ടാറിംഗ് നടത്താത്തതിനാൽ പൊടി മൂലം വ്യാപാരികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. രാമപുരം റൂട്ടിലൂടെ വരുന്ന പ്രൈവറ്റ് ബസുകൾ സ്റ്റേഡിയം ജംഗ്ഷൻ വഴി കൊട്ടാരമറ്റത്തേക്ക് പോകണം. വിനോദസഞ്ചാരികൾ ധാരാളം എത്തുന്ന ഇല്ലിക്കൽ കല്ലിൽ വൈദ്യുതി എത്തിക്കുന്നതിന് വേണ്ട ഫണ്ട് കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിക്കാൻ ഡി.ടി.പി.സി.യോട് ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് പിണ്ണാക്കനാട്, വാരിയാനിക്കാട് , പഴുമല, മുണ്ടക്കയം വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് പുന:രാരംഭിക്കണം. സ്‌കൂൾ സമയങ്ങളിൽ കാർമൽ പബ്ലിക് സ്‌കൂളിന്റെ മുൻവശത്ത് ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണം. കളരിയാംമാക്കൽ ചെക്ക് ഡാം പുതുമഴ ആരംഭിക്കുമ്പോൾ തന്നെ ശുചിയാക്കി അടിഞ്ഞു കിടക്കുന്ന മരം നീക്കം ചെയ്യണം. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന് എക്‌സൈസ് വകുപ്പ് കർശന പരിശോധന നടത്തണമെന്നും പഞ്ചായത്ത്, സ്‌കൂൾതലത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരിൽ നിന്ന് കൃത്യമായ വിശദീകരണം തേടണമെന്നും പകരം ആളുകളെ യോഗത്തിലേക്ക് പറഞ്ഞു വിടുന്ന പ്രവണത പ്രോത്സാഹിപ്പിക്കേണ്ടത് ഇല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.